തെളിവെടുപ്പുമായി പോലീസ് വെട്ടുകാട്ട്‌; വിവാഹം നടന്നയിടം ചൂണ്ടിക്കാട്ടി ഗ്രീഷ്മ


2 min read
Read later
Print
Share

താലികെട്ടി മണിക്കൂറുകൾക്കകം വിഷം നൽകി

കൊല്ലപ്പെട്ട ഷാരോണും പ്രതി ഗ്രീഷ്മയും | ഫയൽചിത്രം

തിരുവനന്തപുരം: ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയത് വെട്ടുകാട് പള്ളിയിൽവച്ച്. മണിക്കൂറുകൾക്കകം വേളിയിൽവച്ച് ഷാരോണിന് ഗ്രീഷ്മ ജ്യൂസിൽ വിഷം കലർത്തി നൽകി. തെളിവെടുപ്പിനായി പോലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാട്ടെത്തിച്ചപ്പോഴാണ് യാതൊരു കൂസലും സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തിയത്. ഷാരോൺ നിർബന്ധിച്ചാണ് താലികെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു.

വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവർ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങൾ വിവരിച്ച ഗ്രീഷ്മ, കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഷാരോൺ ബൈക്കിൽ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.

വെട്ടുകാട് പള്ളിക്കുള്ളിൽ കയറിയപ്പോൾ, താലികെട്ടാനായി തങ്ങൾ ഇരുന്ന ബഞ്ച് പ്രതി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോൾ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയിൽ സിന്ദൂരവും ചാർത്തി. തുടർന്ന് അവർ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.

‘കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു’ -ഗ്രീഷ്മ ബീച്ച് ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വിൽപ്പനക്കാരിയായ സ്ത്രീ, താൻ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കൽനിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാൽ, അവരോടു ക്ഷോഭിച്ച ഗ്രീഷ്മ, അവർ പറയുന്നതു നുണയാെണന്നു പ്രതികരിച്ചു.

താലികെട്ടിനെ തുടർന്ന് ഇരുവരും വിശ്രമിച്ച വേളിയിലെ സ്ഥലവും ഗ്രീഷ്മ കാട്ടിക്കൊടുത്തു. അവിടെയിരിക്കുമ്പോഴാണ് ഷാരോണിനെ ഒഴിവാക്കാൻ മറ്റു മാർഗമില്ലെന്നു തിരിച്ചറിഞ്ഞത്‌. തുടർന്ന് താൻ കരുതിയിരുന്ന കീടനാശിനി ചേർത്ത ശീതളപാനീയം ഷാരോണിനു നൽകി. എന്നാൽ, കയ്‌പ്പു കാരണം ഷാരോൺ അതു തുപ്പിക്കളഞ്ഞു. അൽപ്പം കഴിഞ്ഞു ഛർദ്ദിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷാരോൺ ചോദിച്ചപ്പോൾ കാലാവധി കഴിഞ്ഞ ജ്യൂസായിരുന്നു അതെന്ന് താൻ പറഞ്ഞതായും ഗ്രീഷ്മ പോലീസിനോടു വെളിപ്പെടുത്തി.

അന്വേഷണോദ്യോഗസ്ഥരോടു പൂർണമായും സഹകരിച്ച ഗ്രീഷ്മ, വിശദമായി സംഭവങ്ങൾ വിവരിച്ചു. അടുത്ത ദിവസം ഗ്രീഷ്മയെ തൃപ്പരപ്പിലെത്തിച്ച്‌ തെളിവെടുപ്പു നടത്തും. താലികെട്ടിയതിനെ തുടർന്ന് ഇവർ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോർട്ടിൽ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനൽകിയിട്ടുള്ളത്. ഈ റിസോർട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്.

Content Highlights: parassala sharon murder case enquiry

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..