കണ്ടതെല്ലാം മായ!; കോഴിക്കോട്ടും കാട്ടാക്കടയിലും മര്‍ദനമുണ്ടായില്ല, നിയമസഭയില്‍ ഒന്നും സംഭവിച്ചില്ല..


വിമല്‍ കോട്ടയ്ക്കല്‍

കാർട്ടൂൺ: ഗോപീകൃഷ്ണൻ

1917 ഒക്ടോബര്‍ 13-ന് പോര്‍ച്ചുഗലിലെ ഫാത്തിമ സിറ്റിയില്‍ മതപരമായ ചടങ്ങിനിടെ എഴുപതിനായിരത്തോളം പേര്‍ക്ക് ഒരുമിച്ച് അദ്ഭുതകരമായ ഒരു അനുഭവമുണ്ടായി. പത്തുമിനിറ്റോളം സൂര്യന്‍ പലനിറങ്ങളില്‍ തുള്ളിക്കളിക്കുന്നതായി അവര്‍ക്കുതോന്നി. ഇത് വെറും അവകാശവാദമായി പില്‍ക്കാലത്ത് തള്ളിക്കളഞ്ഞെങ്കിലും കാണുന്നതെല്ലാം ശരിയാവണമെന്നില്ലെന്ന് സ്ഥാപിക്കാന്‍ ശാസ്ത്രവാദികള്‍ ഇന്നും ഈ സംഭവം ഉദ്ധരിക്കാറുണ്ട്.

പോര്‍ച്ചുഗലില്‍നിന്ന് സത്യാനന്തരകാലത്തെ കേരളത്തിലേക്കുവരാം. നേര്‍ക്കാഴ്ചകളെപ്പോലും വ്യാഖ്യാനംകൊണ്ട് മറയ്ക്കുന്ന കസര്‍ത്താണ് പുതിയ രാഷ്ട്രീയം. കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതടക്കമുള്ള കേസുകളില്‍ കാണുന്നതീക്കാഴ്ച.കണ്‍മുന്നില്‍ കണ്ടതല്ല ശരി. നിങ്ങള്‍ എന്തുകണ്ടാലും വിശ്വസിക്കേണ്ടതെന്തെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് പ്രസ്ഥാനവും നേതാക്കളും പറയുന്നകാലം.ജീവനുള്ള ദൃശ്യങ്ങളില്‍ നോക്കി ഇങ്ങനെ പച്ചയ്ക്ക് നുണപറയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നത് എന്തുകൊണ്ടായിരിക്കും? പൊതുജനത്തെ ഇത്രത്തോളം വിലകുറച്ചുകാണാനുള്ള ധൈര്യം എവിടെനിന്നാകും? പത്രങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് 'ഞാനങ്ങനെ പറഞ്ഞിട്ടില്ലെ'ന്ന് പ്രഖ്യാപിച്ചാല്‍ ഒരുമാതിരി വിവാദങ്ങളില്‍നിന്നൊക്കെ തടിയൂരാമായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ കൈകഴുകല്‍ എളുപ്പമല്ലാതായി. ഇതിനെ മറികടക്കാനാണ് സൈബറിടങ്ങളിലൂടെ 'സത്യാനന്തരകാല'ക്കാരുടെ ശ്രമം. എന്ത് ആഭാസംചെയ്താലും അതിനെ ന്യായീകരിച്ച് വെളുപ്പിക്കാന്‍ ശക്തമായ ഒരു സൈബര്‍സംവിധാനം ഉണ്ടെന്നതുതന്നെയാണ് നേതാക്കളുടെ പ്രധാന ആത്മവിശ്വാസം.

ഏത് അതിക്രമം ചെയ്താലും ജയിലില്‍ സന്ദര്‍ശിക്കാനും പുറത്തിറങ്ങിയാല്‍ മാലയിട്ട് സ്വീകരിക്കാനും തയ്യാറുള്ള രാഷ്ട്രീയത്തണലാണ് അണികളുടെ ധൈര്യം. അതുകൊണ്ടുതന്നെ 'സത്യാനന്തരകാല' നുണകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

കാലംസാക്ഷി ചരിത്രം സാക്ഷി; ക്യാമറ പക്ഷേ, കള്ളസാക്ഷി

ദൃശ്യം 1- കോഴിക്കോട് മെഡി. കോളേജ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാജീവനക്കാരെ ചവിട്ടിക്കൂട്ടുന്ന കാഴ്ചകണ്ട് സങ്കടംതോന്നത്ത മനസ്സുകള്‍ കുറവ്. ഇതിലും വന്നു ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള ശങ്കകള്‍. പക്ഷേ, നേതാക്കള്‍ നേരിട്ട് ശങ്കിച്ചില്ല, അത് സൈബര്‍ ശിങ്കിടികളെ ഏല്പിച്ചു. അവര്‍ പരമാവധി ഭംഗിയായി ആ ജോലിചെയ്തു.

തല്ലുകിട്ടിയ കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനുമുണ്ടായിരുന്നതിനാല്‍ അതിന്റെ ആഹ്ലാദവും അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു.

15 പ്രതികളില്‍ അഞ്ചുപേരെ മാത്രമാണ് ഈ ദിവസംവരെ പിടികൂടിയത്. അവരാണെങ്കില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലത്രെ! നമ്മുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നമ്മള്‍ എന്തിന് പേടിക്കണം. അതുകൊണ്ട് തെളിവെടുപ്പ് പലതവണ മുടങ്ങി.

ദൃശ്യം 2- കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഓഫീസ്

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഓഫീസില്‍ മകളുടെ മുന്നില്‍വെച്ച് പിതാവിനെ ജീവനക്കാര്‍ കൂട്ടമായി മര്‍ദിക്കുന്നു. ദൃശ്യമാധ്യമങ്ങളിലൂെടയും സാമൂഹികമാധ്യമങ്ങളിലൂടെയും ആ കാഴ്ച കാണാത്തവര്‍ കുറവ്. ദൃശ്യം പകര്‍ത്തിയത് അതേ ഓഫീസിലെ ജീവനക്കാരന്‍. എന്നാല്‍, ജീവനക്കാര്‍ അദ്ദേഹത്തെ വിശ്രമമുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും മര്‍ദിച്ചിട്ടേയില്ല എന്നുമാണ് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞത്.

അപ്പോള്‍ ദൃശ്യങ്ങളില്‍ കണ്ടതോ? 'അത് അദ്ദേഹത്തെ ജീവനക്കാര്‍ കൂട്ടമായി വിശ്രമമുറിയിലേക്ക് ആനയിക്കുന്ന കാഴ്ചയാണ്' എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. അതിനുവേണ്ടി സൈബര്‍പ്പോരാളികള്‍ അഹോരാത്രം കാപ്സ്യൂളുകള്‍ നിര്‍മിക്കുന്നുണ്ട്.വിശ്രമമുറിയെ ഇടിമുറിയാക്കിയ കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. അവരെ എന്താണ് അറസ്റ്റുചെയ്യാത്തതെന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ചോദിച്ചിരുന്നു. ഒരാഴ്ചകഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് ഒരുവിവരവുമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, സംഘടനയില്‍നിന്നുള്ള ഭീഷണികാരണം ദൃശ്യം പകര്‍ത്തിയ ജീവനക്കാരനെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

ദൃശ്യം 3- കേരള നിയമസഭ

2015-ല്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാനെത്തുന്നു. പിന്നാെല നിയമസഭയിലുണ്ടായ കൈയാങ്കളിയും അക്രമവും കേരളമൊന്നടങ്കം ഒരു ത്രില്ലര്‍പോലെ കണ്ടു ഞെട്ടിയതാണ്. മുണ്ടുമടക്കിക്കുത്തി കസേരയ്ക്കുമുകളില്‍ നൃത്തച്ചുവടുവെക്കുന്ന ആരാധ്യനേതാക്കള്‍. നിലംപൊത്തുന്ന മൈക്കുകള്‍, കസേരകള്‍.

അതുകൊണ്ടരിശം തീരാഞ്ഞിട്ട് സ്പീക്കറുടെ ഡയസിന് ചുറ്റും മണ്ടിനടന്ന ജനപ്രതിനിധികള്‍. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്. അക്രമമൊന്നുമുണ്ടായിട്ടില്ലെന്നാണ് നേതാക്കളുടെ വാദം.

നിയമസഭാ ടി.വി.യില്‍വന്ന ദൃശ്യം ശരിയല്ലെന്നും ഇവര്‍ പറയുന്നു. ഇതൊന്നും ഞങ്ങളല്ല, ശരിക്കുള്ള ഞങ്ങള്‍ വേറെയെവിടെയോ ആണെന്ന മട്ട്. എല്ലാവരും കുറ്റം നിഷേധിച്ചു. കേസ് രാഷ്ട്രീയസൃഷ്ടിയാണെന്നായിരുന്നു മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരായ ഇ.പി. ജയരാജന്റെ മൊഴി. സി.സി.ടി.വി. നാണിച്ചുതലകുനിച്ച നിമിഷം.

Content Highlights: party denied the visual evidence, Kattakkada assault, Attack on Kozhikode medical college staff

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..