ആരോഗ്യമന്ത്രിയും എം.എൽ.എ.യും സാക്ഷി; ട്രോളിയും കാത്ത് അത്യാസന്ന നിലയിലുള്ള രോഗി


ട്രോളി ലഭിക്കാൻ വൈകിയത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിയ രോഗിയെ ട്രോളിയിൽ കാഷ്വാലിറ്റിയിലേക്ക് മാറ്റുന്നത് വീക്ഷിക്കുന്ന മന്ത്രി വീണാ ജോർജും എം.വിജിൻ എം.എൽ.എ.യും

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തുന്ന രോഗികൾ അനുഭവിക്കുന്ന ദുരിതത്തിന് സാക്ഷിയായി മന്ത്രിയും എം.എൽ.എ.യും. അത്യാസന്നനിലയിലെത്തിയ രോഗിയെ ആംബുലൻസിൽ നിന്നിറക്കിയശേഷം ഒപ്പമുള്ളവർ ട്രോളിക്കായി പരക്കംപായുന്നതാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നേരിൽക്കണ്ടത്. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി. കാഷ്വാലിറ്റിയിലെത്തുന്ന രോഗികൾക്ക് പെട്ടെന്ന് പരിചരണം ലഭിക്കണമെന്നും ഇതിനായി കൂടുതൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞിരുന്നു. ഉദ്ഘാടനത്തിനുശേഷം ഔദ്യോഗികവാഹനത്തിൽ ആസ്പത്രി പോർട്ടിക്കോയിൽ വന്നിറങ്ങിയ പാടെ അതിന് കടകവിരുദ്ധമായ സംഭവത്തിനാണ് മന്ത്രിയും ഒപ്പമുണ്ടായിരുന്ന സ്ഥലം എം.എൽ.എ. എം.വിജിനും സാക്ഷ്യം വഹിച്ചത്.

മന്ത്രിയോടൊപ്പമുണ്ടായിരുന്ന ഡോക്ടർമാർ വിളിച്ചുപറഞ്ഞതിനുശേഷമാണ് അകത്തുനിന്ന്‌ ട്രോളിയെത്തിച്ച് രോഗിയെ കാഷ്വാലിറ്റിയിലേക്ക് മാറ്റിയത്. മുൻപും സമാനരീതിയിലുള്ള സംഭവം മെഡിക്കൽ കോളേജ് ആസ്പത്രിയിലുണ്ടായതായി പരാതിയുണ്ട്. റേഡിയേഷൻ യൂണിറ്റിന്റെ ഉദ്ഘാടനത്തിനുശേഷം കാഷ്വാലിറ്റി സന്ദർശിച്ച മന്ത്രി ജനറിക് മരുന്നുകൾ മാത്രം രോഗികൾക്ക് കുറിച്ചുനൽകാൻ ഡോക്ടർമാരോട് നിർദേശിച്ചു. സൗജന്യമായി വിതരണംചെയ്യാനെത്തിച്ച മരുന്നുകളുടെ ജനറിക് പേരുകൾക്കുപകരം ബ്രാൻഡ് പേര് എഴുതുന്നതിനാൽ രോഗികൾക്ക് ഫാർമസിയിൽനിന്ന്‌ മരുന്ന് കിട്ടാത്ത നിലയാണെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും അവർ പറഞ്ഞു. കാഷ്വാലിറ്റിയിൽ 24 മണിക്കൂറും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താനും നിർദേശം നൽകി. കാഷ്വാലിറ്റി രജിസ്റ്ററുകൾ പരിശോധിച്ച മന്ത്രി ജീവനക്കാരും ഡോക്ടർമാരും ഉന്നയിച്ച പരാതികൾ സശ്രദ്ധം കേൾക്കുകയും ചെയ്തു.Content Highlights: patient was waiting for trolly in kannur pariyaram medical college in front of minister veena gerog

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..