സംസ്ഥാനത്ത് 28 അതിവേഗ പോക്സോ കോടതികൾ വരുന്നു


ഉത്തരമലബാറിൽ കണ്ണൂരും മട്ടന്നൂരും കാസർകോട്ടും

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കണ്ണൂർ: കണ്ണൂരും മട്ടന്നൂരും കാസർകോട്ടും ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി. കോടതി സ്ഥാപിക്കുന്നതുസംബന്ധിച്ച് ഈമാസം 30-നകം ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്ക് സമഗ്ര റിപ്പോർട്ട് നൽകണം. തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട, കൊല്ലം, കൊട്ടാരക്കര, ചേർത്തല, ചെങ്ങന്നൂർ, ഈരാറ്റുപേട്ട, ദേവീകുളം, നോർത്ത് പറവൂർ, തൃശ്ശൂർ, വടക്കാഞ്ചേരി, ചാവക്കാട്, കൊടുങ്ങല്ലൂർ, ചാലക്കുടി, ആലത്തൂർ, മഞ്ചേരി, നിലമ്പൂർ, പരപ്പനങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ, നാദാപുരം, സുൽത്താൻ ബത്തേരി എന്നിവയാണ് സ്പെഷ്യൽ കോടതി സ്ഥാപിക്കുന്ന മറ്റു കേന്ദ്രങ്ങൾ.

പോക്സോ കേസുകൾ കെട്ടിക്കുന്ന സാഹചര്യത്തിലാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നത്. ലൈംഗിക അതിക്രമത്തെ അതിജീവിച്ച കുട്ടികളുടെ കേസുകളിൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. എന്നാൽ കേസുകൾ ധാരാളം വരുമ്പോഴും അതിനനുസരിച്ച് കോടതികൾ ഇല്ലാത്ത സ്ഥിതിയാണ്. പല കേസുകളും വർഷങ്ങളായിട്ടും വിചാരണ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.

നിലവിൽ മിക്ക ജില്ലകളിലും രണ്ട്‌ ഫാസ്റ്റ് ട്രാക്ക് കോടതികളാണുള്ളത്. കെട്ടിക്കിടക്കുന്നഎല്ലാ കേസുകളിലും എത്രയും വേഗത്തിൽ വിധി പ്രസ്താവിക്കുക, പുതുതായി രജിസ്റ്റർചെയ്യുന്ന കേസുകളിൽ ഒരുവർഷത്തിനകം വിധി പ്രസ്താവിക്കുന്ന വിധത്തിൽ നടപടി പൂർത്തിയാക്കുക എന്നീ ലക്ഷ്യത്തിലാണ് അതിവേഗ സ്പെഷ്യൽ കോടതികൾ വരുന്നത്.

സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതികൾ സ്ഥാപിക്കാനുള്ള പ്രവർത്തനം നടത്തുന്നത്.

Content Highlights: permission for 28 more fast track pocso courts in state

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..