മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: യഥാർഥസംഭവങ്ങൾക്കുമേൽ കെട്ടുകഥകൾക്ക് പ്രാധാന്യം കല്പിക്കുകയും ആ കെട്ടുകഥകളെ ചരിത്രമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാലമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തെ ഒരു വിഭാഗത്തിന്റേതുമാത്രമാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ചരിത്രസ്മാരകങ്ങളുടെ പേരുപോലും മാറ്റാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഊരൂട്ടമ്പലം സർക്കാർ യു.പി. സ്കൂൾ, അയ്യങ്കാളി പഞ്ചമി സ്മാരകസ്കൂൾ എന്ന് പേരിട്ടതിന്റെ പ്രഖ്യാപനംനടത്തുകയായിരുന്നു മുഖ്യമന്ത്രി. ഇതോടൊപ്പം എൽ.പി., യു.പി. സ്കൂൾക്കെട്ടിടങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
രാജ്യത്തുനടന്ന എണ്ണമറ്റ സമരങ്ങളുടെ രേഖ ചരിത്രപുസ്തങ്ങളിൽനിന്നു നീക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് 1914-ലെ പഞ്ചമിയുടെ വിദ്യാലയപ്രവേശനം. പഞ്ചമിയുടെ സ്കൂൾപ്രവേശനം അംഗീകരിക്കാത്തവർ വിദ്യാലയംതന്നെ കത്തിച്ചു. എന്നാൽ, കത്തിച്ചവർ ചരിത്രത്തിൽനിന്ന് മായ്ക്കപ്പെടുകയും പഞ്ചമി ഇന്നും സ്മരിക്കപ്പെടുകയും ചെയ്യുന്നു.
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിന്തുടർച്ചയാണ് സംസ്ഥാനസർക്കാർ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി.
Content Highlights: pinarai vijayan's statement while naming Ayyankali panchami smaraka school
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..