4500 കോടിയുടെ വികസനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി


2 min read
Read later
Print
Share

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതികളുടെയും പേട്ട-എസ്.എൻ ജംഗ്ഷൻ പാതയുടേയും ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിക്കുന്നു

കൊച്ചി: കേരളത്തിനുള്ള ഓണസമ്മാനമെന്ന് പ്രഖ്യാപിച്ച് 4500 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. കേരളത്തിലെ ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രസർക്കാർ നൽകുന്നത്. എല്ലാവരെയും ഉൾക്കൊണ്ടുള്ള വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിലാണ് കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതൽ എസ്.എൻ. ജങ്‌ഷൻ വരെയുള്ള മെട്രോ യാത്രാ സർവീസിന്റെ ഉദ്ഘാടനം, എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്റെയും നവീകരണ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിർവഹിച്ചു. കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടിപ്പിച്ച പാതയും വൈദ്യുതീകരിച്ച കൊല്ലം പുനലൂർ പാതയും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള സ്‌പെഷ്യൽ ടെയിൻ, കൊല്ലത്തുനിന്നും പുനലൂരിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ എന്നിവയുടെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു.

രണ്ടാം ഘട്ടത്തിൽ കൊച്ചി മെട്രോ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ എത്തുമ്പോൾ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഏറെ ഗുണകരമാകും. വിവിധ ഗതാഗത സംവിധാനങ്ങളാണ് കൊച്ചിയിൽ ഒരുമിക്കുന്നത്. ഏകീകൃത മെട്രോപൊളിറ്റൻ ഗതാഗത അതോറിറ്റിക്കു കീഴിൽ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയും ലക്ഷ്യമാണ്.

റെയിൽവേയും സമഗ്ര വികസനത്തിന്റെ പാതയിലാണ്. റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ടുകൾക്ക് സമാനമായ രീതിയിൽ വികസിപ്പിക്കുകയാണ്. ഗതാഗത സംവിധാനങ്ങൾ വിപുലമാകുന്നതോടെ വിനോദസഞ്ചാര മേഖലയും വികസിക്കും. സംരംഭക വികസനത്തിനായി കേരളത്തിന് പിന്തുണ നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, ഹൈബി ഈഡൻ എം.പി., എം.എൽ.എ. മാരായ കെ. ബാബു, അൻവർ സാദത്ത്, ഉമ തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് ബാധിച്ചതിനാൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ചടങ്ങിനെത്തിയില്ല.

പ്രധാനമന്ത്രി വ്യാഴാഴ്ച വൈകീട്ട് സിയാലിൽ ഉദ്ഘാടനം ചെയ്തവ

കൊച്ചി മെട്രോ പദ്ധതികൾ

* പേട്ട-എസ്.എൻ. ജങ്‌ഷൻ പാത (സിയാലിലെ വേദിയിൽനിന്ന് പ്രധാനമന്ത്രി പച്ചക്കൊടി വീശിയപ്പോൾ എസ്.എൻ. ജങ്‌ഷനിൽനിന്ന് മെട്രോയുടെ യാത്രാ സർവീസ് തുടങ്ങി)

ദൂരം-1.8 കിലോമീറ്റർ

സ്റ്റേഷനുകൾ - രണ്ട്

- വടക്കേകോട്ട (കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷൻ-4.3 ലക്ഷം ചതുരശ്രയടി വിസ്തീർണം)

- എസ്.എൻ. ജങ്‌ഷൻ

നിർമാണച്ചെലവ് - 700 കോടി രൂപ

ടിക്കറ്റ് നിരക്ക്

പേട്ട-എസ്.എൻ. ജങ്‌ഷൻ-20 രൂപ

ആലുവ-എസ്.എൻ. ജങ്‌ഷൻ-60 രൂപ

* മെട്രോ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടു

- കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെ

-11.2 കിലോമീറ്റർ ദൂരം

- 11 സ്റ്റേഷനുകൾ

- 1950 കോടി രൂപ

പുതിയ പാത ഉദ്ഘാടനം ചെയ്തതോടെ കൊച്ചി മെട്രോയ്ക്ക് ആകെ 27 കിലോമീറ്റർ നീളം.

- 24 സ്റ്റേഷനുകൾ

റെയിൽവേ പദ്ധതികൾ

- എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെയും കൊല്ലം റെയിൽവേ സ്റ്റേഷന്റെയും വികസനം (ചെലവ് കണക്കാക്കുന്നത് 1059 കോടി).

- കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടിപ്പിച്ച പാത ഉദ്ഘാടനം (ചെലവ് 750 കോടി)

- വൈദ്യുതീകരിച്ച കൊല്ലം-പുനലൂർ സെക്ഷൻ ഉദ്ഘാടനം (76 കോടി രൂപ)

- കോട്ടയം - എറണാകുളം, കൊല്ലം-പുനലൂർ സ്‌പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ്

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..