'പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍'; ജലീല്‍ കുരുക്കില്‍


ഇന്ത്യൻ അധീന കശ്മീർ എന്നും പരാമർശം

K T Jaleel | Photo: Mathrubhumi

മലപ്പുറം: പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് ഫെയ്‌സ്‌ബുക്കിൽ പരാമർശിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകശ്മീർ എന്നും പരാമർശമുണ്ട്. പരാമർശങ്ങൾ രാജ്യദ്രോഹമാണെന്നും എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. ജലീൽ എഴുതിയത് കണ്ടിട്ടില്ലെന്നും വായിച്ചുനോക്കി നിലപാട് പറയാമെന്നുമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.

ചരിത്രാധ്യാപകൻകൂടിയായ ജലീലിന്റെ പോസ്റ്റിൽ ചരിത്രപരമായ പിശകുമുണ്ട്. ‘രാജ്യവിഭജനകാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കശ്മീരുകൾക്കും സ്വയംനിർണയാവകാശം ബ്രിട്ടീഷുകാർ നൽകിയിരുന്നു.’ എന്ന് പരാമർശിക്കുന്നു. എന്നാൽ, ബ്രിട്ടീഷുകാർ കശ്മീരിനെ വിഭജിച്ചിരുന്നില്ല. നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമായി നിൽക്കുകയോ ഇന്ത്യയിലോ പാകിസ്താനിലോ ചേരുകയോ ചെയ്യാമെന്നായിരുന്നു ബ്രിട്ടീഷ് നയം. നാട്ടുരാജ്യമായിരുന്ന കശ്മീരിനെ ബ്രിട്ടൻ ഇന്ത്യ വിട്ടതോടെ പാകിസ്താൻ ആക്രമിക്കുകയും ഒരു ഭാഗം പാകിസ്താൻ കൈയടക്കുകയുമായിരുന്നു.

പഞ്ചാബിലെ മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനായി അമൃത്‌സറിൽ പോയപ്പോൾ നടത്തിയ കശ്മീർ യാത്രയെപ്പറ്റിയുള്ള വിവരണമാണ് വിവാദമായത്. കശ്മീരിന്റെ പ്രകൃതിഭംഗിയും ചരിത്രവും രാഷ്ട്രീയവുമൊക്കെയാണ് കുറിപ്പിൽ പറയുന്നത്. സൈന്യത്തിന്റെ ഇടപെടലിനെപ്പറ്റിയും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെപ്പറ്റിയുമൊക്കെ പരാമർശിച്ചിട്ടുണ്ട്.

കുറിപ്പിലെ വിവാദപ്രയോഗങ്ങൾ

ഇന്ത്യൻ അധീന ജമ്മുകശ്മീർ: ഇന്ത്യയുടെ ഭാഗമായ കശ്മീരിനെയാണ് കുറിപ്പിൽ ‘ഇന്ത്യൻ അധീന ജമ്മുകശ്മീർ’ എന്ന് വിശേഷിപ്പിച്ചത്. എന്നാൽ, ഇങ്ങനെ ഒരു പ്രയോഗം ഔദ്യോഗികമായി ഇല്ല. ഇന്ത്യ അംഗീകരിച്ചതുമല്ല.

ആസാദ് കശ്മീർ: ‘പാകിസ്താനോടൊപ്പം ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീർ എന്നറിയപ്പെട്ടു’ എന്നാണ് ജലീലിന്റെ പ്രയോഗം. എന്നാൽ, ഇതും ഇന്ത്യ അംഗീകരിക്കുന്നതല്ല. പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് പാകിസ്താനും ഇന്ത്യാവിരുദ്ധരും ഉപയോഗിക്കുന്ന പ്രയോഗമാണ്.

Content Highlights: PoK is Azad Kashmir KT Jaleel sparks row over his FB post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..