കേസില്‍പ്പെട്ടാലും നടപടിനേരിട്ടാലും സര്‍വീസില്‍ തുടരും; പോലീസുകാരുടെ ശിക്ഷായിളവ് പുനഃപരിശോധിക്കുന്നു


2 min read
Read later
Print
Share

ഒരാളെ വീണ്ടും പിരിച്ചുവിട്ടു

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: ക്രിമിനൽക്കേസുകളുടെ പേരിൽ പിരിച്ചുവിട്ട പോലീസുകാർക്ക് ഉയർന്ന ഉദ്യോഗസ്ഥൻ ശിക്ഷായിളവ് നൽകിയത് പരിശോധിക്കുന്നു. നാമമാത്ര ശിക്ഷനൽകി പിരിച്ചുവിടൽ നടപടി ഒഴിവാക്കിയത് വഴിവിട്ടതാണോയെന്നാണ് പരിശോധിക്കുന്നത്. ഇത്തരത്തിൽ ഇളവുലഭിച്ച ഒരു ഇൻസ്പെക്ടറെ കഴിഞ്ഞദിവസം വീണ്ടും പിരിച്ചുവിട്ടതിനെപ്പറ്റി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. പോലീസ് മേധാവിക്ക് റിപ്പോർട്ടുനൽകി.

പോലീസുദ്യോഗസ്ഥർ ഗുരുതര ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടാലും നിരവധിതവണ അച്ചടക്കനടപടി നേരിട്ടാലും ഇളവുകൾനേടി വീണ്ടും സർവീസിൽ തുടരുന്നുവെന്ന പരാതികൾ അടുത്തിടെ ഉയർന്നിരുന്നു.

സംസ്ഥാനത്ത് ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട പോലീസുദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവരുകയും പിന്നാലെ കർശനനടപടികൾ സ്വീകരിക്കാൻ സർക്കാർതലത്തിൽ നിർദേശമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്നാണ് ഇളവുനേടിയ ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവന്നത്.

ഒട്ടേറെ ക്രിമിനൽക്കേസുകളിൽ ഉൾപ്പെടുകയും എറണാകുളം സിറ്റി പോലീസ് കമ്മിഷണർ പിരിച്ചുവിടുകയും ചെയ്ത എ.എസ്.ഐ. ഗിരീഷ് ബാബു തിരികെ സർവീസിൽ കയറിയത് ഇത്തരത്തിൽ ഇളവുനേടിയാണ്. രണ്ട് ഇൻക്രിമെന്റ് റദ്ദാക്കിയുള്ള ശിക്ഷയ്ക്കുശേഷം ഇയാളെ തിരികെ സർവീസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തിരികെയെത്തി ഒരുമാസത്തിനുള്ളിൽത്തന്നെ വീണ്ടും ഗുരുതര ക്രിമിനൽക്കേസിൽപ്പെട്ട ഇയാളെ കഴിഞ്ഞദിവസമാണ് നിലവിലെ എ.ഡി.ജി.പി. വീണ്ടും പിരിച്ചുവിട്ടത്. മുൻ എ.ഡി.ജി.പി.യുടെ ഉത്തരവ് പുനഃപരിശോധിച്ചായിരുന്നു പിരിച്ചുവിടൽ.

തൊടുപുഴ ഇൻസ്പെക്ടറായിരുന്ന ഒരു ഉദ്യോഗസ്ഥനെതിരേയുള്ള നടപടികൾ പുനഃപരിശോധിക്കുകയാണ്. ഗുരുതരകുറ്റങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരുടെ പിരിച്ചുവിടൽ തീരുമാനം സ്ഥിരപ്പെടുത്താൻ പി.എസ്.സി.യുമായുള്ള കൂടിയാലോചന ആവശ്യമില്ലെന്നും ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ ചട്ടത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ കൂടുതൽപേർക്കെതിരേ നടപടിയുണ്ടായേക്കും.

കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പീഡനം, വധശ്രമം ഉൾപ്പെടെയുള്ള ഒട്ടേറെ കേസുകളിൽ അച്ചടക്കനടപടിക്ക്‌ വിധേയനായ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനുപുറമേ, പോലീസ് മേധാവി അനിൽകാന്ത് നേരിട്ട് ഹിയറിങ് നടത്തി ശിവശങ്കരന്റെ വിശദീകരണം വിലയിരുത്തിയശേഷമാണ് സർവീസിൽനിന്ന്‌ നീക്കിക്കൊണ്ട് ഉത്തരവിറക്കിയത്. മേയിൽ വിരമിക്കുന്നതിനാൽ ശിക്ഷയിൽനിന്നൊഴിവാക്കണമെന്ന ശിവശങ്കരന്റെ അപേക്ഷ ഡി.ജി.പി. തള്ളി.

ശിക്ഷാനടപടികൾ പലതവണ നേരിട്ടെങ്കിലും തുടർച്ചയായി ഇത്തരം കേസുകളിൽ ഇയാൾ ഉൾപ്പെടുകയായിരുന്നു. 2006 മുതൽ നാലുതവണ സസ്പെൻഷനിലായി. 11 തവണ വകുപ്പുതല നടപടികളുണ്ടായി.

അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അതിക്രമിച്ചുകടക്കൽ മുതലായ കുറ്റങ്ങൾക്കായിരുന്നു നടപടികൾ.

പരാതിനൽകാൻ സ്റ്റേഷനിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു, പരാതി പിൻവലിപ്പിക്കാൻ ഭീഷണി, കേസിനെക്കുറിച്ച് സംസാരിക്കാൻ വിളിപ്പിച്ച യുവതി സ്കൂട്ടറിൽ വരുമ്പോൾ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കരന്റെ പേരിലുള്ളത്‌.

2019 ഓഗസ്റ്റ് 29-നാണ് പീഡനപരാതി നൽകിയ യുവതിക്കുനേരെ വധശ്രമമുണ്ടായത്. പാലക്കാട് എ.എസ്.പി.ക്ക് നൽകിയ പരാതി പിൻവലിക്കണമെന്ന ആവശ്യം നിരസിച്ചതിലെ പ്രതികാരമായിരുന്നു കാരണം.

Content Highlights: Police cases disciplinary action

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..