ഹർത്താൽ ആക്രമണം: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്


കണ്ണൂർ താണയിലെ ഷോപ്പിങ് മാളിൽ പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

കണ്ണൂർ: വെള്ളിയാഴ്ചത്തെ ഹർത്താലിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ പ്രധാനികളുമായി ബന്ധമുള്ള ചില സ്വകാര്യസ്ഥാപനങ്ങളിലും റെയ്‌ഡ് നടന്നു. കണ്ണൂർ ടൗൺ, മട്ടന്നൂർ, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌.

കണ്ണൂർ താണയിലെ ബി-മാർട്ട് ഹൈപ്പർ മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ ഒരു ലാപ്‌ടോപ്പ്, ഒരു ഡെസ്ക് ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ, രണ്ട് പാസ്ബുക്കുകൾ, ഏതാനും രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.കണ്ണൂർ ഫോർട്ട് ലൈറ്റ് കോംപ്ലക്സിലെ ‘സ്പൈസ്‌മാൻ’, കണ്ണൂർ റെയിൽവേ സ്റ്റേഷന് എതിർവശത്തെ വസ്ത്രവ്യാപാരസ്ഥാപനമായ ‘പാര’ എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. അസി. പോലീസ് കമ്മിഷണർ ടി.കെ.രത്നകുമാർ, ടൗൺ ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

മട്ടന്നൂർ, പാലോട്ടുപള്ളി, നടുവനാട്, ഉളിയിൽ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തകർ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഒന്നും പിടിച്ചെടുത്തിട്ടില്ല. ഹർത്താൽ അക്രമത്തിൽ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ട് കേസുകളാണെടുത്തത്. ഇതിൽ 10 പ്രതികൾ റിമാൻഡിലാണ്. മറ്റ് പ്രതികൾ ഒളിവിലും.

പാപ്പിനിശ്ശേരി അക്ഷയ കേന്ദ്രം, വളപട്ടണം പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗൺ, കീരിയാട്ടെ ഷോപ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഇൻസ്പെക്ടർ എം.രാജേഷ്, എസ്.ഐ.മാരായ കെ.കെ.രേഷ്മ, ടി.സതീശൻ എന്നിവർ നേതൃത്വം നൽകി

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ ഗൗരവമുള്ള കേസുകളിൽ പ്രതികളായ 19 പേരെയും മറ്റു കേസുകളിൽപ്പെട്ട 145 പേരെയും ഇതുവരെ അറസ്റ്റ് ചെയ്തുവെന്ന് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു.

കണ്ണൂർ സിറ്റിയിലെ മിൽമ ബൂത്ത് തകർത്ത കേസിൽ പ്രതിയായ എസ്.ഡി.പി.ഐ. മേഖലാ സെക്രട്ടറി മുഹമ്മദ് അസ്‌ല(40)ത്തെ അറസ്റ്റു ചെയ്തു. ഈ കേസിൽ ഒൻപത് പ്രതികളുണ്ട്. മറ്റുള്ളവർ ഒളിവിലാണ്.

Content Highlights: Police raide - Popular Front link places Kannur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..