സജി ചെറിയാന്റെ പേരിലുള്ള കേസ് അവസാനിപ്പിക്കാൻ പോലീസ് അപേക്ഷ നൽകി


1 min read
Read later
Print
Share

സജി ചെറിയാൻ |ഫോട്ടോ:മാതൃഭൂമി

തിരുവല്ല: മുൻമന്ത്രിയും എം.എൽ.എയുമായ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകി. പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിച്ചു. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. ഇത്തരത്തിൽ കേസ്സെടുത്താൽ നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ജൂലായ് മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. സംഭവത്തിൽ പോലീസ് നേരിട്ട് കേസ് എടുത്തില്ല. ലഭിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ, പോലീസ് കേസ് രജിസ്റ്റർചെയ്യണമെന്ന് മജിസ്‌ട്രേറ്റുകോടതി ഉത്തരവിടികുയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാൻ പോലീസ് അപേക്ഷ നൽകിയിരിക്കുന്നത്.

420 പേജുള്ള കേസ് ഡയറി അടക്കമാണ്, അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈസ്.എസ്.പി. കോടതിയിൽ നൽകിയിരിക്കുന്നത്. ആകെ 44 സാക്ഷികളുടെ മൊഴിരേഖപ്പെടുത്തിയതായി ഇതിൽ പറയുന്നു. 39 പേർ പരിപാടിയിൽ നേരിട്ട് പങ്കെടുത്തവരാണ്. കോടതിയിൽ ഹർജി നൽകിയ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ, മുൻ എം.എൽ.എ. ജോസഫ് എം.പുതുശ്ശേരി തുടങ്ങിയവരാണ് ബാക്കി അഞ്ചുപേർ. ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസംഗത്തിന്റെ ദൃശ്യം കണ്ടതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുകയായിരുന്നു.

എം.എൽ.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങി പരിപാടിയിൽ നേരിട്ട് പങ്കെടുത്തവർ, സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല പ്രസംഗിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ചില വശങ്ങൾ ചൂണ്ടിക്കാട്ടുകമാത്രമേ ചെയ്തുള്ളൂവെന്നാണ് സജി ചെറിയാന്റെ മൊഴി. ഹർജിക്കാരെക്കൂടി കേട്ടശേഷം, കേസിന്റെ തുടർനടപടികൾ കോടതി നിശ്ചയിക്കും.

Content Highlights: saji cheriyan, saji cheriyan remark on indian constitution

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..