പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: പോപ്പുലർ ഫ്രണ്ടിന് സംസ്ഥാനത്ത് രഹസ്യവിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ഇവരുടെ പ്രവർത്തനരീതികളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എറണാകുളത്തെ പ്രത്യേക കോടതിയിൽ എൻ.ഐ.എ. വ്യക്തമാക്കി.
സ്വന്തംസമുദായത്തിന്റെ പുരോഗതിക്കുപോലും വിലങ്ങുതടിയാകുന്ന നിലപാടുകൾ ഇവർ സ്വീകരിച്ചു. മറ്റു സമുദായനേതാക്കളുടെ വിവരങ്ങൾ ശേഖരിക്കാനും ലക്ഷ്യമിടേണ്ടവരുടെ പട്ടിക തയ്യാറാക്കാനുമാണ് പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ ഏജൻസി. ദേശവിരുദ്ധപ്രവർത്തനങ്ങൾക്കും മറ്റും ഇവർ പരിശീലനം നൽകുന്നുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കി.
രാജ്യവ്യാപകമായി എൻ.ഐ.എ. നടത്തിയ റെയ്‌ഡിൽ കേരളത്തിൽ അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. പ്രതികളുടെ റിമാൻഡ് കാലാവധി 180 ദിവസത്തേക്ക് നീട്ടണമെന്ന എൻ.ഐ.എ.യുടെ ആവശ്യം കോടതി അനുവദിച്ചു.
കൂടുതൽ അന്വേഷണം വേണം
പരിശീലനം നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷിക്കണമെന്ന് എൻ.ഐ.എ. വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ട് സമീപകാലത്ത് നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും നിയമവിരുദ്ധപ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണം.
പ്രത്യേകസമുദായത്തിലുള്ളവരുടെ മനസ്സിൽ ഭീകരത വളർത്താൻ പോപ്പുലർ ഫ്രണ്ട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട്. ഇരകളെ തിരഞ്ഞെടുത്ത് ക്രൂരമായി കൊലപ്പെടുത്തുന്നതുവഴി ഭീതിപടർത്തുകയാണ് ലക്ഷ്യമിടുന്നത്. അറസ്റ്റിലായവരിൽപലരും കൊലപാതകങ്ങളിൽ പ്രതികളാണ്.
നിയമവിരുദ്ധപ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ ഇവർക്കുള്ള പങ്കുവ്യക്തമാക്കുന്ന ചില നിർണായകരേഖകൾ പരിശോധനയിൽ കണ്ടെത്തിയതായും എൻ.ഐ.എ. വ്യക്തമാക്കിയിട്ടുണ്ട്. സംശയകരമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
സിറിയയിൽപോയി ചിലർ ഐ.എസിൽ ചേർന്നിട്ടുണ്ട്. ചിലർ ഐ.എസ്. പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കറെ തൊയിബ, അൽ ഖായിദ തുടങ്ങിയ തീവ്രവാദസംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചതായും എൻ.ഐ.എ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Highlights: popular front has a secret secret organisation part says nia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..