ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിൽ വ്യാപക പ്രതിഷേധം


ശ്രീറാം വെങ്കിട്ടരാമൻ | ഫയൽചിത്രം | മാതൃഭൂമി

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ നടപടിയിൽ പ്രതിഷേധം വ്യാപകം. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകർക്ക് ഓശാന പാടുകയാണു സർക്കാരെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി. ശ്രീറാമിനെ ഉടൻ കളക്ടർ സ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു.

നടപടി അംഗീകരിക്കില്ലെന്നും തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. കളക്ടർ എന്ന നിലയിൽ ഒരു ജില്ലയിലും ഭരണമേൽപ്പിക്കാൻ പറ്റാത്ത കളങ്കിതവ്യക്തിയാണ് ശ്രീറാം. ക്രിമിനലുകൾ അഴിഞ്ഞാട്ടം നടത്തുന്ന ആലപ്പുഴയിൽ ക്രിമിനൽ മനസ്സുള്ളയാൾ ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. നിർവാഹകസമിതിയംഗം ജോൺസൺ എബ്രഹാം മുഖ്യമന്ത്രിക്കു കത്തയച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലകൂടി വഹിക്കേണ്ട കളക്ടർ കളങ്കിതവ്യക്തിത്വമുള്ള ആളാകുന്നത് നിയമവാഴ്ചയുടെ തകർച്ചയ്ക്കു കാരണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിലൂടെ ഇടതുപക്ഷ സർക്കാർ കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് വി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്‍ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.എം. നസീർ പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള കളക്ടർക്ക് ജനങ്ങൾക്കു നീതിലഭ്യമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ കളക്ടറുടെ ഫെയ്‌സ്ബുക്ക് കമന്റ് ബോക്സ് പൂട്ടി

: ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്സ് പൂട്ടി ആലപ്പുഴ കളക്ടർ. മറ്റു 13 ജില്ലകളിലെയും കളക്ടർമാരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ കമന്റ് ബോക്സുകൾ ലഭ്യമാണ്.

Content Highlights: protest against sriram venkitaraman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..