വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുനേരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഫർസീൻ മജീദിനെ സർവീസിൽനിന്ന് നീക്കാനുള്ള നടപടികൾ തുടങ്ങി. മുട്ടന്നൂർ യു.പി. സ്കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അധ്യാപകർക്കുള്ള യോഗ്യതാപരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതു വിദ്യാഭ്യാസ ഡയരക്ടർക്ക് സമർപ്പിച്ചു.
ഇദ്ദേഹമുൾപ്പെട്ട വിവിധ മുൻകാല കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. അധ്യാപകനെ സ്കൂളിൽനിന്ന് പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മാനേജ്മെന്റ്. വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള നിർദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ടി.ടി.സി. യോഗ്യതയുള്ള ഫർസീൻ മജീദ് 2019 ജൂൺ ആറിനാണ് സ്കൂളിൽ അധ്യാപകനായി ചേർന്നത്. കോവിഡ് കാരണം 2019, 2020 വർഷങ്ങളിൽ അധ്യാപകരായി ചേർന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാൽ 2021 മാർച്ച് 16-നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാൽ 2022 മാർച്ച് 15-നുമുൻപ് കെ-ടെറ്റ് പാസാകാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടില്ല. കെ-ടെറ്റ് പാസാകാത്ത അധ്യാപകർക്ക് വാർഷിക ഇൻക്രിമെന്റ് ലഭിക്കില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..