പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയിൽ നടത്തിയ ബഹുജന റാലി
ആലപ്പുഴ: 21-ന് ആലപ്പുഴയിൽനടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപനമുദ്രാവാക്യം വിളിച്ചകേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാനനേതാവ് അറസ്റ്റിൽ. തൃശ്ശൂർ പെരുമ്പിലാവ് അദീനയിൽ യഹിയ തങ്ങളെയാണ് (47) അറസ്റ്റുചെയ്തത്. സമ്മേളനത്തിൻറെ സ്വാഗതസംഘം ചെയർമാനായിരുന്നു. റാലിയുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലാപോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ച് ഉദ്ഘാടനംചെയ്തതും യഹിയ തങ്ങളായിരുന്നു. ഈ മാർച്ചിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരേ യഹിയ തങ്ങൾ ‘ജഡ്ജിമാരുടെ അടിവസ്ത്രത്തിനു കാവിനിറം’ എന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
പരാമർശം കേട്ടപ്പോൾ ഞെട്ടലും അദ്‌ഭുതവും തോന്നിയെന്നും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കൊച്ചിയിൽനടന്ന ഒരുസെമിനാറിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് അഭിപ്രായപ്പെട്ടിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് യഹിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴയിൽ 21-ന് നടന്ന റാലിയുടെ മുഖ്യസംഘാടകനെന്നനിലയിലാണ് അറസ്റ്റു രേഖപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് വൻപോലീസ് സന്നാഹത്തോടെ ഞായറാഴ്ച ഉച്ചയോടെ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കേസിൽ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത കുട്ടിയുടെ പിതാവടക്കം അഞ്ചുപേരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡുചെയ്തു. കുട്ടിയുടെ പിതാവ് എറണാകുളം പള്ളുരുത്തി വെളിപഞ്ചായത്ത് റോഡ് ഭാഗത്ത് തങ്ങൾനഗർ പൂച്ചമുറിപ്പറമ്പ് വീട്ടിൽ അസ്കർ ലത്തീഫ് (39), മരട് നഗരസഭ 20-ാം വാർഡ് നെട്ടൂർ മദ്രസപ്പറമ്പിൽ നിയാസ് (42), കൊച്ചി കോർപ്പറേഷൻ 13-ാം വാർഡ് പള്ളുരുത്തി അർപ്പണനഗർ തെരുവിൽ വീട്ടിൽ ഷമീർ (39), കൊച്ചി കോർപ്പറേഷൻ 14-ാം വാർഡ് അൽഹസർ പബ്ലിക് സ്കൂളിനുസമീപം പള്ളുരുത്തി ഞാറക്കാട്ടിൽ വീട്ടിൽ എൻ.വൈ. സുധീർ (41), ആലപ്പുഴ ചേപ്പാട് വിളയിൽ വീട്ടിൽ മുഹമ്മദ് തൽഹത്ത് (36) എന്നിവരെയാണ് റിമാൻഡുചെയ്തത്.
പ്രത്യേക അന്വേഷണസംഘം ഇതുവരെ 26 പേരെയാണ് അറസ്റ്റുചെയ്തത്.
Content Highlights: Provocative slogan at the Popular Front Rally State leader arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..