വിവാദ നായകനായി ശ്രീനിജിൻ: തള്ളാനും കൊള്ളാനും വയ്യാതെ സി.പി.എം.


1 min read
Read later
Print
Share

പി.വി. ശ്രീനിജൻ എം.എൽ.എ, ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയ നിലയിൽ | Photo: Mathrubhumi, Screen grab/ Mathrubhumi News

കൊച്ചി: ഇടവേളയ്ക്കുശേഷം പി.വി. ശ്രീനിജിന്‍ വീണ്ടും വിവാദങ്ങളിലേക്ക് എടുത്തുചാടിയത് സി.പി.എമ്മിന് തലവേദനയായി. ഫുട്‌ബോള്‍ ഗ്രൗണ്ട് വിവാദത്തില്‍ ശ്രീനിജിനെ പരസ്യമായി പിന്തുണയ്ക്കാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പൊതു വികാരം എം.എല്‍.എ.ക്കെതിരായതോടെ, തള്ളാനും കൊള്ളാനും കഴിയാത്ത നിലയിലാണ് നേതൃത്വം.

സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സിലുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കൂടുതല്‍ വഷളാക്കരുതെന്നുമുള്ള അഭിപ്രായമാണ് സി.പി.എം. മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. കുട്ടികള്‍ക്ക് വിഷമമുണ്ടായത് ഒഴിവാക്കേണ്ടതാണെന്നു പറയുമ്പോഴും ശ്രീനിജിന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് സി.പി.എം. നേതൃത്വം പറയുന്നത്. എന്നാല്‍, അതൊന്നും പരസ്യമായി ഇപ്പോള്‍ പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാനോ അംഗീകരിക്കാനോ സാധിക്കില്ല.

ഫ്ടുബോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ്‌ പൂട്ടിയതും അതുമൂലം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ദുരിതവും വാര്‍ത്താ പ്രാധാന്യം നേടിയതോടെ പാര്‍ട്ടിക്ക് എം.എല്‍.എ.യെ പരസ്യമായി പിന്തുണയ്ക്കാന്‍ കഴിയാതായി. സ്പോര്‍ട്‌സ് കൗണ്‍സിലിൽ ശ്രീനിജിനെതിരേ നിലനിന്നിരുന്ന വികാരവും അവസരം വന്നപ്പോള്‍ മറനീക്കി പുറത്തുവന്നു. നിലവിലെ പ്രസിഡന്റും മുൻ പ്രസിഡന്റുമെല്ലാം ഒരുപോലെ എം.എല്‍.എ.ക്കെതിരേ പ്രസ്താവന ഇറക്കിയതും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.

വിഷയത്തില്‍ സി.പി.എം. ഇടപെടല്‍ ആവശ്യപ്പെട്ട് ഘടക കക്ഷികളും രംഗത്തുണ്ട്. സി.പി.എം. വിഷയം ഗൗരവത്തോടെ കാണണമെന്ന ആവശ്യം സി.പി.ഐ. മുന്നോട്ടുവെച്ചിട്ടുണ്ട്.

ട്വന്റി 20-യുമായി ശ്രീനിജിന്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ പാര്‍ട്ടിയെ നേരത്തേ പ്രതിസന്ധിയിലാക്കിയിരുന്നു. അന്ന് പ്രാദേശികമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന കാരണത്താല്‍ പാര്‍ട്ടിക്ക് എം.എല്‍.എ.യെ വിലക്കാന്‍ പറ്റില്ലായിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പിന്തുണ അന്ന് ശ്രീനിജിനുണ്ടായിരുന്നു. അതേസമയം ട്വന്റി 20 വിഷയം എം.എല്‍.എ. വ്യക്തിപരമായി എടുക്കുന്നുവെന്ന അഭിപ്രായമുള്ള മുതിര്‍ന്ന നേതാക്കളുമുണ്ടായിരുന്നു.

മന്ത്രിതല ഇടപെടല്‍ നടത്തി സ്പോര്‍ട്‌സ് കൗണ്‍സിലിലെ പ്രശ്നം രമ്യതയിലെത്തിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

Content Highlights: pv sreenijin-CPM

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..