ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിനെ ബാധിക്കില്ലെന്ന് നിയമവൃത്തങ്ങൾ; കോടതിയലക്ഷ്യ നടപടിക്ക് നീക്കം


ആർ.ശ്രീലേഖ| ഫയൽ ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ, മാതൃഭൂമി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേ തെളിവില്ലെന്ന മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് നിയമവൃത്തങ്ങൾ. ദിലീപിന്റെ അഭിഭാഷകരും ഇത്തരത്തിലാണ് വിലയിരുത്തുന്നത്. അതേസമയം, അസമയത്തുള്ള വെളിപ്പെടുത്തലിൽ ശ്രീലേഖയുടെ പേരിൽ കേസെടുക്കാനാകുമെന്നും നിയമവൃത്തങ്ങൾ പറയുന്നു.

പൾസർ സുനി മറ്റ് നടികളോട് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തലിലുണ്ട്. അതിനാൽ, കുറ്റം മറച്ചുവെച്ചതിന് ഐ.പി.സി. 118 പ്രകാരം കേസെടുക്കാനാകുമെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇരകൾ തിരിച്ചറിയപ്പെടും എന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ശ്രീലേഖ പറയുന്നത്. എന്നാൽ, ഇരകളെ സംരക്ഷിച്ചുകൊണ്ട് അന്വേഷണം നടത്താനാകുമായിരുന്നു.

വിചാരണയുടെ അവസാനഘട്ടത്തിൽ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലിന്റെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ക്രിമിനൽ നടപടി ചട്ടത്തിലെ സെക്‌ഷൻ 161 പ്രകാരം പോലീസ് രേഖപ്പെടുത്തുന്ന മൊഴികളിൽ സാക്ഷികൾ ഒപ്പിടേണ്ടതില്ല. ഇങ്ങനെ നൽകുന്ന മൊഴികളിൽ പോലീസ് പലതും എഴുതിച്ചേർക്കുകയാണെന്നാണ് ശ്രീലേഖയുടെ ആരോപണം. ഡി.ജി.പി. റാങ്കിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥയുടെ ഇത്തരം ആരോപണം എല്ലാ ക്രിമിനൽ കേസ് നടപടികളെയും സംശയ നിഴലിലാക്കുന്നതാണെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പുതിയതായി ഒന്നുമില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകർ വിലയിരുത്തുന്നത്. മുമ്പും സമാനമായ വെളിപ്പെടുത്തൽ ശ്രീലേഖ നടത്തിയിരുന്നു. ഉന്നതസ്ഥാനത്തിരുന്ന പോലീസ് ഓഫീസർ എന്ന നിലയിൽ അവരുടെ പക്കൽ തെളിവുകളുണ്ടെങ്കിൽ കേസിൽ നിർണായകമാകുമെന്നും അവർ കരുതുന്നു.

ഉയരുന്ന ചോദ്യങ്ങൾ

  • ആരുടെയെങ്കിലും സ്വാധീനത്തിലാണോ വെളിപ്പെടുത്തൽ
  • എന്തടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ
  • ദിലീപിന് വെള്ളപൂശാനാണോ ശ്രമം
  • എന്തുകൊണ്ട് ഈ കേസിനെപ്പറ്റിമാത്രം വെളിപ്പെടുത്തൽ
കോടതിയലക്ഷ്യത്തിനൊരുങ്ങി പ്രോസിക്യൂഷൻ

ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരേ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ശ്രീലേഖയുടെ മൊഴിയെടുക്കും. പരാമർശം അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെയും കോടതിയിൽ നടന്നുവരുന്ന വിചാരണനടപടിയെയും ബാധിക്കുമെന്ന് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.

Content Highlights: R Sreelekha's allegation will not affect the case - legal sources

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..