എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിന് കിറ്റ്കോ തയ്യാറാക്കിയ രൂപരേഖ
കൊച്ചി: സംസ്ഥാനത്തെ വിവിധ റെയിൽവേ വികസനപദ്ധതികൾ പെട്ടെന്ന് പൂർത്തിയാക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും കർമപദ്ധതിയുമായി റെയിൽവേ. എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ വികസനപദ്ധതികൾക്കൊപ്പം നേമം സ്റ്റേഷൻ സാറ്റലൈറ്റ് സ്റ്റേഷനാക്കും. മൂന്നുസ്റ്റേഷനുകളും വിമാനത്താവളത്തിന്റെ സൗകര്യങ്ങളോടെയാണ് ഒരുക്കുക. ഷോപ്പിങ് ഏരിയ, കഫറ്റേറിയ, വെയ്റ്റിങ് റൂം, ബഹുനില പാർക്കിങ്, വൈഫൈ തുടങ്ങിയവയുണ്ടാകും.
എറണാകുളം സൗത്തിൽ ആറു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന 25 മീറ്റർ വീതിയുള്ള മേൽക്കൂരയും മെട്രോസ്റ്റേഷനിലേക്ക് എത്തുന്ന വാക്വേയും നിർമിക്കും ഇതിനായി സ്റ്റേഷനിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. എറണാകുളം സൗത്ത്, നോർത്ത്, സ്റ്റേഷനുകളിലെ വികസനം 2024 ജൂലായിൽ പൂർത്തിയാക്കും.
കൊല്ലം സ്റ്റേഷൻ വികസനം 2023 ഡിസംബറിലും. തൃശ്ശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ പദ്ധതിനിർദേശം തയ്യാറാക്കുന്നുണ്ട്. നഗരങ്ങളുമായി ബന്ധപ്പെട്ട ആധുനികസൗകര്യങ്ങളുള്ള ഗതാഗത ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിവിധ സ്റ്റേഷനുകളിലൂടെ യാത്രചെയ്ത് ദക്ഷിണറെയിൽവേ ഉന്നതതലസംഘം കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. തിരുവനന്തപുരംമുതൽ പാലക്കാട്ടുവരെ നടന്ന പരിശോധനയ്ക്ക് ഒപ്പം ജനറൽ മാനേജർ ആർ.എൻ. സിങ്, തിരുവനന്തപുരം ഡിവിഷൻ ജനറൽ മാനേജർ ആർ. മുകുന്ദ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.പി. ജിംഗാർ എന്നിവർ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ യോഗങ്ങളുംനടന്നു.
നേമത്തിന് പുതിയ എസ്റ്റിമേറ്റ്
നേമം സ്റ്റേഷൻ വികസനത്തിന് സ്റ്റേഷനിൽനിന്ന് ദേശീയപാതയിലേക്കുള്ള 200 മീറ്റർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നു. ഇതുകൂടി കണക്കാക്കി എസ്റ്റിമേറ്റ് പുതുക്കും. സ്ഥലംകിട്ടിയാൽ ഒരുവർഷത്തിനകം പൂർത്തിയാക്കും.
തിരുവനന്തപുരം സെൻട്രലിന്റെ സാറ്റലൈറ്റ് സ്റ്റേഷനായി നേമത്തെ മാറ്റുകയാണ് ലക്ഷ്യം. ഒാടിയെത്തുന്ന ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒഴിയുംവരെ പുറത്തുകാത്തുകിടക്കുന്ന സ്ഥിതി ഇതോടെ മാറും.
ട്രെയിൻ വേഗംകൂടും
തിരുവനന്തപുരം-മംഗലാപുരം ട്രെയിനുകളുടെ വേഗം ഘട്ടംഘട്ടമായി മണിക്കൂറിൽ 160 കിലോമീറ്റർ വരെയാക്കുന്നതിനെക്കുറിച്ച് പഠിക്കും. പദ്ധതികളെല്ലാം രണ്ടുവർഷത്തിനകം കമ്മിഷൻ ചെയ്യുകയാണ് ലക്ഷ്യം. പ്രധാന വണ്ടികൾ 160 കിലോമീറ്റർവരെ വേഗത്തിൽ ഓടിക്കുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടക്കുന്നുണ്ട്.
Content Highlights: Railway station renovation in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..