വരുന്നൂ, മൂന്നാംപാത; വേഗം 160 കി.മീ.


പ്രതീകാത്മക ചിത്രം | മാതൃഭൂമി

തൃശ്ശൂർ: കേരളത്തിൽ ആദ്യമായി 160 കിലോമീറ്റർ വേഗത്തിൽ തീവണ്ടിയോടിക്കാനുള്ള തീരുമാനവുമായി റെയിൽവേ. പാതകൾ സജ്ജമാക്കാനുള്ള നടപടികൾക്ക് പച്ചക്കൊടിയായി. എറണാകുളം-ഷൊർണൂർ പാതയിലെ നിർദിഷ്ട മൂന്നാംപാത 160 കിലോമീറ്ററിൽ വണ്ടിയോടിക്കാനുള്ള തരത്തിലാണ് നിലവിൽവരിക.

പാതയുടെ സർവേതുടങ്ങിയ ശേഷമാണ് 160 കിലോമീറ്റർ വേഗസാധ്യതയുള്ള പാതയ്ക്കുള്ള നിർദേശം വന്നത്. 130 കിലോമീറ്ററിൽ വണ്ടികളോടിക്കാനുള്ള പാതയാണ് സർവേയുടെ തുടക്കത്തിൽ നിർദേശിച്ചിരുന്നത്. പണിതുടങ്ങാനിരിക്കുന്ന അമ്പലപ്പുഴ-എറണാകുളം 82 കിലോമീറ്റർ രണ്ടാംപാതയും 160 കിലോമീറ്റർ വേഗസാധ്യതയുള്ള രീതിയിൽ പണിയാനാണ് തീരുമാനം. രണ്ടുപദ്ധതികളും പൂർത്തിയാകുമ്പോൾ കേരളത്തിൽ 189 കിലോമീറ്റർ ദൂരം 160 കിലോമീറ്റർവരെ വേഗത്തിലുള്ള വണ്ടികളോടിക്കാൻ കഴിയും.

നിലവിൽ കേരളത്തിലെ പാളങ്ങളിലെ ശരാശരി വേഗം 85-90 കിലോമീറ്ററാണ്. പരമാവധി 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ ഇപ്പോൾ കഴിയുന്നില്ല. അടുത്തിടെ ചെന്നൈയിൽ നടന്ന യോഗത്തിലും കേരളത്തിലെ പരമാവധി വേഗം 130-ലേക്ക് എത്തിക്കാനുള്ള തീരുമാനമെടുത്തിരുന്നു.

എന്നാൽ, രാജ്യവ്യാപകമായി തിരക്കേറിയ പാതകൾ 160 കിലോമീറ്ററിലേക്ക് എന്ന റെയിൽവേനയത്തിലേക്ക് മാറുന്നതിന്റെ ആദ്യചുവടായിട്ടാണ് മാറ്റം. മുംബൈ-ഡൽഹി, ഡൽഹി-ഹൗറ റൂട്ടുകളിൽ 160 കിലോമീറ്റർ വേഗത്തിലുള്ള വണ്ടികളോടിക്കാവുന്നതരത്തിൽ പാതകൾ ക്രമീകരിക്കുന്ന ജോലികൾ നടന്നുവരികയാണ്.

മൂന്നാംപാതയ്ക്ക് ചെലവുകൂടും

130 കിലോമീറ്റർ വേഗം സാധ്യമായ മൂന്നാംപാതയ്ക്കുള്ള ചെലവ് 4000 കോടിയാണ് നിശ്ചയിച്ചിരുന്നത്. 160 കിലോമീറ്ററിലേക്കുയർത്തുമ്പോൾ ചെലവുകൂടും. എത്രയാവുമെന്ന് സർവേക്കുശേഷമേ അറിയാനാവൂ. കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടിവരും. നേർരേഖയിലുള്ള പാതയാണ് പണിയുക.

നിലവിലെ ഇരട്ടപ്പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും മൂന്നാംപാത എന്നാണ് പറഞ്ഞിരുന്നെങ്കിലും വളവുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചില സ്റ്റേഷനുകൾ ഒഴിവാക്കും. എറണാകുളം ജങ്ഷൻ, എറണാകുളം നോർത്ത്, ആലുവ, അങ്കമാലി, തൃശ്ശൂർ, ഷൊർണൂർ സ്റ്റേഷനുകളായിരിക്കും മൂന്നാംപാതയിൽ വരിക.

മൂന്നാംപാത ഇങ്ങനെ

  • ആകെ ദൂരം 107 കിലോമീറ്റർ
  • ഏറ്റെടുക്കുന്ന സ്ഥലം-250 ഹെക്ടർ(വ്യത്യാസപ്പെടാം)
  • *ഇരുവശത്തേക്കും വണ്ടികളോടിക്കും
  • അന്തിമ സർവേ നാലുമാസത്തിനകം തീർക്കും

Content Highlights: Railways plan to increase speed of trains on third track in Ernakulam-Shoranur line

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..