’പൊന്നുതമ്പുരാന് ’കിട്ടി ഒറ്റ മീനിന് ₹59,000


1 min read
Read later
Print
Share

പടത്തിക്കോര(ഗോൽഫിഷ്)

കൊല്ലം : ‘പൊന്നുതമ്പുരാൻ’ വള്ളത്തിന് കഴിഞ്ഞ ദിവസം കിട്ടിയ ഒറ്റ മീനിന് വില 59,000 രൂപ. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്റെ പൊന്നുതമ്പുരാൻ വള്ളത്തിലെ മത്സ്യത്തൊഴിലാളികൾക്കാണ് പടത്തിക്കോര(ഗോൽഫിഷ്)യെന്ന, വിപണിയിൽ വൻവിലയുള്ള മീൻ ലഭിച്ചത്.

ഗിരീഷ്‌കുമാർ സ്രാങ്കായ വള്ളം മീൻപിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്കു മടങ്ങുമ്പോഴാണ് കടലിൽ ചത്തതുപോലെ കിടന്ന മീനിനെ കണ്ടത്. ഗിരീഷും വള്ളത്തിലുണ്ടായിരുന്ന ഗോപനും ചാടിയിറങ്ങി പിടിക്കാൻ നോക്കിയപ്പോൾ മീൻ വഴുതിപ്പോയി. ഇതിനിടെ കുതറി നീന്താൻ ശ്രമിച്ച മീനിനെ ഏറെ പണിപ്പെട്ടാണ് ഇവർ വള്ളത്തിലെത്തിച്ചത്. തൂക്കിനോക്കിയപ്പോൾ 20 കിലോ. മീൻ ഏതെന്നോ വിലവിവരമോ അറിയാതിരുന്ന ഇവർ അപ്പോൾത്തന്നെ ‘കേരളത്തിന്റെ സൈന്യം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. പടത്തിക്കോര അഥവാ മെഡിസിനൽ കോര എന്നൊക്കെ അറിയപ്പെടുന്ന, വലിയ വില കിട്ടുന്ന മീനാണെന്ന് വാട്‍സാപ്പ് സന്ദേശത്തിൽനിന്നു മനസ്സിലായി. തുടർന്ന് നീണ്ടകരയിലെത്തിച്ച് വെള്ളിയാഴ്ച പുലർച്ചെ ലേലംചെയ്തപ്പോഴാണ് മീനിന് അരലക്ഷത്തിലേറെ വില ലഭിച്ചത്. പുത്തൻതുറ സ്വദേശി കെ.ജോയ് ആണ് ലേലത്തിൽ പിടിച്ചത്.

മീനിന്റെ ഔഷധനിർമാണമൂല്യമാണ് ഇത്രയും വില ലഭ്യമാക്കുന്നതെന്ന് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ പീറ്റർ മത്യാസ് പറഞ്ഞു. ഇതിന്റെ മാംസത്തിനും രുചിയുണ്ട്. മീനിൽനിന്നു കിട്ടുന്ന, പളുങ്കെന്നു പറയുന്ന, വെളുത്ത സ്പോഞ്ച് പോലുള്ള വസ്തു ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയയ്ക്കുള്ള നൂലുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. ഏജന്റുമാർ ഇത് ലേലത്തിൽ പിടിച്ച് ആവശ്യക്കാർക്ക് എത്തിക്കുകയാണ് പതിവ്. 10 കിലോയ്ക്കുമുകളിലുള്ള പടത്തിക്കോരയിലാണ് ലക്ഷണമൊത്ത പളുങ്ക് കാണുന്നത്. തീരത്തോടടുത്ത ഭാഗങ്ങളിലാണ് പലപ്പോഴും ഇവയെ കാണുന്നത്. അപൂർവമായാണ് കിട്ടുന്നതും-പീറ്റർ മത്യാസ് പറഞ്ഞു.

20-25 കിലോ ഭാരമുള്ള പടത്തിക്കോര മുമ്പ് കൊല്ലത്തുനിന്ന്‌ ലേലത്തിൽ പോയിട്ടുണ്ട്.

Content Highlights: Rare fish Kollam fishermen Neendakara

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..