സർക്കാർ കോളേജുകളിലും സ്വകാര്യനിക്ഷേപത്തിന് ശുപാർശ; സ്വകാര്യ സർവകലാശാലകൾ വേണം


Fine Arts College Trivandrum|Mathrubhumi Archives

തിരുവനന്തപുരം: സർക്കാർ കോളേജുകളിലും സ്വകാര്യ നിക്ഷേപത്തിനുള്ള ശുപാർശയുമായി ഉന്നത വിദ്യാഭ്യാസക്കമ്മിഷൻ. സർക്കാർസഹായം സർവകലാശാലകൾക്ക് പകുതിയും കോളേജുകൾക്ക് 60 ശതമാനമായും ചുരുക്കണം. സർവകലാശാലകളിലെ പി.ജി. വിഭാഗങ്ങളിലും സർക്കാർ-എയ്ഡഡ് കോളേജുകളിലും കൂടുതൽ സ്വാശ്രയ കോഴ്‌സുകൾ തുടങ്ങാനുമൊക്കെ ശുപാർശയുണ്ട്. ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമ്മിഷൻ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനു റിപ്പോർട്ട് നൽകി.

ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് കൂടുതൽ വിദ്യാർഥികളെ എത്തിക്കലാണ് ലക്ഷ്യം. പ്രവേശനം 2031-’32-ൽ 60 ശതമാനവും 2036-ൽ 75 ശതമാനവുമാക്കുകയാണ് ലക്ഷ്യം. അധ്യാപക നിയമനത്തിനായി പി.എസ്.സി. മാതൃകയിൽ ഹയർ എജുക്കേഷൻ സർവീസ് കമ്മിഷൻ രൂപവത്കരിക്കണം.

നടത്തിപ്പുചെലവിന്റെ 25-35 ശതമാനം തുക വിദ്യാർഥികളുടെ ഫീസിൽ നിന്നാവണം. 10-30 ശതമാനം മറ്റു സ്രോതസ്സുകളിലൂടെ കണ്ടെത്തണം. സ്വകാര്യസംഭാവന സ്വീകരിച്ചു പശ്ചാത്തല സൗകര്യവികസനം നടപ്പാക്കാം.

സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ പ്രത്യേക ബില്ലു പാസാക്കണം. കല്പിത സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനെക്കാൾ സമ്പൂർണ സ്വകാര്യ സർവകലാശാലകൾ വരുന്നതു പ്രോത്സാഹിപ്പിക്കുകയാണ് ഉചിതം.

പരമ്പരാഗത കോഴ്‌സുകൾക്കുള്ള ഫീസ് കൂട്ടാതെ മുന്നോട്ടു പോവാനാവില്ല. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്ക് ഫീസിളവു നൽകാം. പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് നൂറു ശതമാനം ഇളവുനൽകണം. ട്യൂഷൻ ഫീസിളവിന് ആറു ലക്ഷം വാർഷികവരുമാനപരിധി നിശ്ചയിക്കണം. ആറു മുതൽ പത്തുലക്ഷംവരെ വാർഷികവരുമാനമുള്ളവർക്ക് മൂന്നു സ്ലാബുകളിലായി ഫീസിളവു നൽകാം. പത്തു ലക്ഷത്തിലേറെ വരുമാനമുള്ളവരുടെ മക്കൾക്ക് ഫീസിളവു നൽകേണ്ടതില്ലെന്നും ശുപാർശയുണ്ട്.

മറ്റു ശുപാർശകൾ

  • സ്വകാര്യമേഖലയിൽ നിന്നുള്ള വിഭവസമാഹരണത്തിനായി നയരൂപവത്കരണം.
  • കോളേജുകൾക്കും മറ്റും സഹായധനം നൽകാൻ 5000 കോടി രൂപയുടെ കേരള ഉന്നതവിദ്യാഭ്യാസ നിധി. പണം സ്വരൂപിക്കാൻ നിശ്ചിത സാധനങ്ങളുടെ വിൽപ്പനയ്ക്കും സേവനങ്ങൾക്കുമായി ഒന്നോ രണ്ടോ ശതമാനം ഉന്നത വിദ്യാഭ്യാസ സെസ്.
  • വ്യവസായരംഗവുമായി ധാരണാപത്രം, കോർപ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാഫണ്ട് തുടങ്ങിയവ വഴി വരുമാനമുണ്ടാക്കാൻ സർവകലാശാലകൾക്ക് അനുമതി.
  • സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാൻ പ്രത്യേക ബോർഡ്.
  • സർവകലാശാലകളിലും സ്വയംഭരണ കോളേജുകളിലും ഗവേഷണപാർക്കുകൾ.
ഗവര്‍ണറെ തഴഞ്ഞു, സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ അധികാരം

തിരുവനന്തപുരം : എല്ലാ സര്‍വകലാശാലകളുടെയും വിസിറ്റര്‍ പദവിയില്‍ മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് ശ്യാം ബി. മേനോന്‍ കമ്മിഷന്റെ ശുപാര്‍ശ. വിസിറ്റര്‍ നിര്‍ദേശിക്കുന്നയാളാവണം വി.സി. നിയമനങ്ങള്‍ക്കുള്ള സെര്‍ച്ച് കമ്മിറ്റിയിലെ ചാന്‍സലര്‍ പ്രതിനിധി. ഗവര്‍ണറുടെ അധികാരം കൂടുതല്‍ പരിമിതപ്പെടുത്താന്‍ ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലറെ നിയമിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശചെയ്തു. സര്‍വകലാശാലകളുടെ ഭരണത്തില്‍ വിസിറ്ററെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കൂടുതല്‍ അധികാരം വ്യവസ്ഥചെയ്തിട്ടുണ്ട്.

സെനറ്റുകള്‍ ബോര്‍ഡ് ഓഫ് റീജന്റ്സാക്കി മാറ്റണം. അക്കാദമികവിദഗ്ധര്‍, സര്‍ക്കാര്‍, പൗരസമൂഹം, വ്യവസായം, സാംസ്‌കാരികം എന്നിവയില്‍നിന്നുള്ള രണ്ടുപേരെ വിസിറ്റര്‍ ബോര്‍ഡ് ഓഫ് റീജന്റ്‌സിലേക്ക് നാമനിര്‍ദേശംചെയ്യും. ഈ ബോര്‍ഡ് ഓരോ സര്‍വകലാശാലയുടെയും ചാന്‍സലറെ തിരഞ്ഞെടുക്കണം. വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ബോര്‍ഡില്‍ അധ്യക്ഷതവഹിക്കുക, വി.സി. നിയമനത്തിനായി വ്യവസ്ഥചെയ്തിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റുക, ബോര്‍ഡ് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ക്കും ഓര്‍ഡിനന്‍സുകള്‍ക്കുമൊക്കെ അംഗീകാരം നല്‍കുക, വാര്‍ഷിക ബിരുദദാനച്ചടങ്ങില്‍ അധ്യക്ഷതവഹിക്കുക തുടങ്ങിയവയാണ് ചാന്‍സലറുടെ ചുമതലകള്‍.

സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് വൈസ് ചാന്‍സലറെ ബോര്‍ഡ് നിശ്ചയിക്കും. വിസിറ്റര്‍ നിര്‍ദേശിക്കുന്ന ഒരു അക്കാദമിക വിദഗ്ധന്‍, ബോര്‍ഡ് ഓഫ് റീജന്റ്സിന്റെ പ്രതിനിധി, യു.ജി.സി. പ്രതിനിധി എന്നിവരുള്‍പ്പെട്ടതാവണം സെര്‍ച്ച് കമ്മിറ്റി.

Content Highlights: Recommendation for private investment in government colleges too

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..