പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദേശം. വിരമിക്കുന്ന ജീവനക്കാർക്കു പകരം നിയമനം ഉണ്ടാകില്ല. പകരം പുതിയതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക് പുതിയ ബസുകൾ നൽകുകയും അതിലേക്ക് കരാർ നിയമനങ്ങൾ തുടരുകയും ചെയ്യും. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകളോ നിയമനങ്ങളോ ഉണ്ടാകില്ല.
ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. സാമ്പത്തികപ്രതിസന്ധി തരണംചെയ്യുന്നതിന് മാനേജ്മെന്റ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്. അഞ്ചുവർഷത്തിനിടെ 7992 തസ്തികകളാണ് കെ.എസ്.ആർ.ടി.സി.യിൽ വെട്ടിക്കുറച്ചത്.
ഇപ്പോഴുള്ള 3776 ബസുകൾ ഓടിക്കുന്നതിന് 26,036 ജീവനക്കാരാണുള്ളത്. സിംഗിൾഡ്യൂട്ടി വ്യാപകമാക്കിയാൽ 20,938 ജീവനക്കാരെക്കൊണ്ട് 4250 ബസുകൾ ഓടിക്കാനാകും. കണിയാപുരം ഡിപ്പോയിൽ പരീക്ഷണത്തിലുള്ള സിംഗിൾ ഡ്യൂട്ടിയിൽ ഒരു ബസിന് ഒരു ഡ്രൈവറും കണ്ടക്ടറും അവരുടെ അഭാവത്തിൽ മറ്റൊരാളുടെ ഭാഗികസേവനവും (1.8 എന്ന അനുപാതം) മതിയാകും.
2022 മേയിലെ കണക്കുകൾ പ്രകാരം 9552 ഡ്രൈവർമാരും 9030 കണ്ടക്ടർമാരുമാണുള്ളത്. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ 7650 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും മതി. ഈ പരിഷ്കരണംകൂടി വരുമ്പോൾ പിണറായിസർക്കാരിന്റെ കാലത്ത് റദ്ദാകുന്ന തസ്തികകൾ 13,090 ആവും. 2016-ൽ ഇടത് സർക്കാർ അധികാരത്തിൽവരുമ്പോൾ 34,028 സ്ഥിരംജീവനക്കാരും 9500 എം പാനൽ ജീവനക്കാരുമുണ്ടായിരുന്നു. കോടതിവിധിയെ തുടർന്ന് എം പാനൽ ജീവനക്കാരെ ഒഴിവാക്കി. ശേഷം ഡ്യൂട്ടിക്രമീകരണങ്ങളുടെ ഭാഗമായി സ്ഥിരംതസ്തികകൾ കുറച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ ഡ്യൂട്ടിസംവിധാനത്തോട് ജീവനക്കാർക്ക് ശക്തമായ എതിർപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കുന്ന പുതിയ ഡ്യൂട്ടിസംവിധാനത്തോട് ജീവനക്കാർക്ക് ശക്തമായ എതിർപ്പ്. നിലവിലെ ഒന്നരഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ നാലുദിവസം ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് സിംഗിൾഡ്യൂട്ടിയിൽ ആറുദിവസം 10 മുതൽ 12 മണിക്കൂർവരെ ജോലി ചെയ്യേണ്ടിവരുമെന്നതിനാലാണിത്.
എന്നാൽ, അധികഡ്യൂട്ടിക്ക് പ്രത്യേകവേതനം ലഭിക്കും. 2400 ഓർഡിനറി ബസുകൾ സിംഗിൾ ഡ്യൂട്ടിയിലേക്ക് മാറ്റിയാൽ ജീവനക്കാരുടെ എണ്ണംകൂട്ടാതെ മാസം 25 കോടി രൂപ അധികം നേടാമെന്നും മാനേജ്മെൻറ് കണക്കാക്കുന്നു. ശുപാർശ തൊഴിലാളിസംഘടനകൾ അംഗീകരിച്ചിട്ടില്ല.
പ്രൊഫ. സുശീൽഖന്ന പാക്കേജിലെ ഈ സുപ്രധാന നിർദേശം സാമ്പത്തികപ്രതിസന്ധി മറികടക്കാൻ തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് സർക്കാർ അവതരിപ്പിക്കുന്നത്. സർക്കാർ സാമ്പത്തികസഹായമില്ലാതെ ശമ്പളംനൽകാൻ കഴിയാത്ത സ്ഥിതിയിൽ നിൽക്കുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ യൂണിയനുകളെ സമ്മതിപ്പിച്ച് ഡ്യൂട്ടി പരിഷ്കരിക്കാനാണ് നീക്കം.
സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽദാതാവായിരുന്ന കെ.എസ്.ആർ.ടി.സി.യിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തുച്ഛമായ ആശ്രിത നിയമനങ്ങളല്ലാതെ പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. വർഷംതോറും 900-1000 പേർ വീതം വിരമിക്കുന്നുണ്ട്. ഈ തസ്തികകളെല്ലാം ഇല്ലാതാകുകയാണ്. ആറുവർഷത്തിനിടെ 100 ബസുകൾ മാത്രമാണ് വാങ്ങിയത്
2017-ൽ സ്ഥിരജീവനക്കാർ
ഡ്രൈവർ 13,266
കണ്ടക്ടർ 11,442
മെക്കാനിക്ക് 5531
മിനിസ്റ്റീരിയൽ 2102
സ്റ്റേഷൻമാസ്റ്റർ 1107
മറ്റുവിഭാഗം 580
ആകെ 34,028
2022
ഡ്രൈവർ 9552
കണ്ടക്ടർ 9060
മെക്കാനിക്ക് 4317
മിനിസ്റ്റീരിയൽ 1142
സ്റ്റേഷൻമാസ്റ്റർ 293
മറ്റുവിഭാഗം 1672
ആകെ 26,036
പുതിയ ശുപാർശ
ഡ്രൈവർ 7650
കണ്ടക്ടർ 7650
മെക്കാനിക്ക് 1700
മിനിസ്റ്റീരിയിൽ 1062
സ്റ്റേഷൻമാസ്റ്റർ 282
മറ്റുവിഭാഗങ്ങൾ 2594
ആകെ 20,938
2017
പ്രതിദിന യാത്രികർ 28 ലക്ഷം
ഷെഡ്യൂൾ 4648
2022
പ്രതിദിന യാത്രികർ 18 ലക്ഷം
ഷെഡ്യൂൾ 4200
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..