കേരള ഹൈക്കോടതി | Photo: Mathrubhumi
കൊച്ചി: പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് തന്റെ അർധനഗ്നമായ ശരീരത്തിൽ ചിത്രം വരപ്പിച്ച് എടുത്ത വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തെന്ന കേസിൽ മോഡലും സാമൂഹികപ്രവർത്തകയുമായ രഹ്ന ഫാത്തിമയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി.
ദൃശ്യങ്ങൾ അശ്ലീലമോ അസഭ്യമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. നഗ്നതയെ എല്ലായ്‌പ്പോഴും അശ്ളീലവും അസഭ്യവുമായി കാണാനാവില്ല. സ്ത്രീശരീരത്തെ ലൈംഗികവത്കരിക്കുന്നതിലുള്ള പ്രതിഷേധമായി തയ്യാറാക്കിയതാണ് വീഡിയോ. അതിനെ അശ്ളീലവും അസഭ്യവുമായി കരുതാനാവില്ല.
പുരാതനക്ഷേത്രങ്ങളിലുൾപ്പെടെ അർധനഗ്ന പ്രതിമകളും ചുവർ ചിത്രങ്ങളുമെല്ലാം കാണാനാവും. ഇത്തരം പ്രതിമകളൊക്കെ ദൈവികമായാണ് കരുതപ്പെടുന്നത്. പുലികളിയിലും തെയ്യത്തിലും പുരുഷശരീരത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.
സിക്സ് പാക്ക് മസിലുൾപ്പെടെ കാണിച്ചുള്ള പുരുഷ ശരീരപ്രദർശനങ്ങൾക്കും കുഴപ്പമില്ല. ഷർട്ടിടാതെ പുരുഷന്മാർ നടക്കാറുണ്ട്. ഇവയൊന്നും അശ്ലീലമായി കരുതുന്നില്ല. എന്നാൽ, സ്ത്രീശരീരത്തിന്റെ കാര്യത്തിൽ കാഴ്ചപ്പാട് മാറുന്നു. ചിലർ അതിനെ അതിലൈംഗികതയായി കാണുന്നു.
ഹർജിക്കാരിയുടെ പരിചരണത്തിലാണ് കഴിയുന്നതെന്ന് കുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് അവരെ പ്രതികൂലമായി ബാധിക്കും.
പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയ കേസിൽ പോലീസ് നേരത്തേ കുറ്റപത്രം നൽകിയിരുന്നു. കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജി വിചാരണക്കോടതി തള്ളി. ഇതിനെതിരേ യുവതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ലൈംഗിക ഇച്ഛാഭംഗം നേരിടുന്ന സമൂഹത്തോടുള്ള പ്രതികരണമാണിതെന്നും ശാരീരിക വിവേചനങ്ങൾക്കെതിരേ പോരാടുന്ന വ്യക്തിയാണ് താനെന്നും വീഡിയോയ്ക്കൊപ്പമുള്ള സന്ദേശത്തിൽ ഹർജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോയിലൂടെ ഹർജിക്കാരി പറയാനുദ്ദേശിച്ച കാര്യം അഭിനന്ദനാർഹമാണ്. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിക്കുവേണ്ടി അഡ്വ. രഞ്ജിത്ത് ബി. മാരാർ ഹാജരായി.
Content Highlights: Rehana Fathima Kerala High Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..