പരിഭ്രാന്തനായ അരിക്കൊമ്പൻ കമ്പത്തെ പുളിമരത്തോട്ടത്തിൽ നിന്ന് കമ്പിവേലി പൊളിച്ച് പുറത്തുവരുന്നു | ഫോട്ടോ: ശ്രീജിത്ത് പി. രാജ്
കൊച്ചി: അരിക്കൊമ്പനെ തമിഴ്നാട് സർക്കാർ മയക്കുവെടിവെച്ച് പിടികൂടിയാലും കൂട്ടിലാക്കാനാകുമോ എന്ന കാര്യത്തിൽ നിയമവിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം. സുപ്രീംകോടതി അംഗീകരിച്ച കേരള ഹൈക്കോടതി വിധി ആനയെ കൂട്ടിലാക്കുന്നതിന് തമിഴ്നാടിന് തടസ്സമാകുമെന്നാണ് ഒരുവിഭാഗം നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ കേരള ഹൈക്കോടതി വിധി കേസിൽ തമിഴ്നാട് കക്ഷിയായിരുന്നില്ലാത്തതിനാൽ തമിഴ്നാടിന് ബാധകമല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
അരിക്കൊമ്പനെ കൂട്ടിലാക്കരുതെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാരായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. അതിനാൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് തമിഴ്നാടിനും ബാധകമാണെന്ന് ഹൈക്കോടതിയിൽ അഭിഭാഷകയായ എ.കെ. പ്രീത പറഞ്ഞു. അരിക്കൊമ്പനെ കൂട്ടിലാക്കണമെങ്കിൽ കേരള ഹൈക്കോടതിയുടെയോ മദ്രാസ് ഹൈക്കോടതിയുടെയോ അനുമതി അനിവാര്യമാണെന്നും പറഞ്ഞു.
അരിക്കൊമ്പനെ പിടിക്കാനുള്ള തമിഴ്നാടിന്റെ തീരുമാനത്തിനെ ഉപഹർജിയിലൂടെ കേരള ഹൈക്കോടതിയിൽത്തന്നെ ചോദ്യം ചെയ്യാമെന്നും പറഞ്ഞു. എന്നാൽ ജനവാസമേഖലയിൽ ഇറങ്ങിയ ആനയെ കൂട്ടിലാക്കാൻ തമിഴ്നാടിന് കേരള ഹൈക്കോടതി ഉത്തരവ് തടസ്സമാകില്ലെന്നാണ് മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടം അഭിപ്രായപ്പെട്ടത്. കേരള ഹൈക്കോടതിയിൽ നടന്ന കേസിൽ തമിഴ്‌നാട് കക്ഷിയല്ലാത്തതിനാൽ ഉത്തരവ് അവർക്ക് ബാധകമല്ലെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായ ടി. ആസഫ് അലിയും അഭിപ്രായപ്പെട്ടു.
Content Highlights: Rogue tusker Arikomban on the rampage again


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..