ആ കുരുക്ക് അഴിഞ്ഞു; റബ്ബറിന്റെ മഴമറച്ചെലവ് അനുവദിച്ചു


1 min read
Read later
Print
Share

മാതൃഭൂമി വാർത്ത ബോർഡംഗങ്ങൾ കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് പണം നൽകാൻ നിർദേശം വന്നത്.

പ്രതീകാത്മകചിത്രം | Mathrubhumi archives

കോട്ടയം: റബ്ബറിന് മഴമറ ഇട്ടതിന് കർഷകസംഘങ്ങൾക്ക് നൽകാനുള്ള തുക അനുവദിക്കാൻ റബ്ബർബോർഡ് തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷംതന്നെ തുടങ്ങിയതാണ് മഴമറ വിതരണം എന്നതിനാൽ, പുതിയ സാമ്പത്തിക വർഷം അതിന്റെ ബില്ല് പാസാക്കാമോ എന്ന സാങ്കേതിക സംശയം കാരണം നടപടികൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. 23.4 കോടി രൂപയാണ് മഴമറ ഉത്‌പന്നങ്ങൾ കൃഷിക്കാർക്ക് വിതരണംചെയ്ത വകയിൽ നൽകാനുണ്ടായിരുന്നത്. ബില്ലിലെ ചുവപ്പുനാട മാതൃഭൂമിയാണ് പുറത്തുകൊണ്ടുവന്നത്.

ബോർഡിലെ കീഴ്‌വഴക്കം അനുസരിച്ച് മഴമറ അടക്കമുള്ള കാർഷികസഹായ പ്രവൃത്തികൾ ഉത്‌പാദക സംഘങ്ങളാണ് ചെയ്യുന്നത്. ഇതിനുശേഷം ബില്ല് ബോർഡിന് നൽകുകയും പണം അനുവദിക്കുകയുമാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ ബോർഡിലെ ചില പുതിയ ഉദ്യോഗസ്ഥർ ബില്ല് പാസാക്കാൻ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അനുമതി തേടി. പ്രവൃത്തി, പോയ സാമ്പത്തിക വർഷത്തേതാണെന്ന് ഫയലിൽ എഴുതുകയും ചെയ്തു. ഇതോടെയാണ്, പണം നൽകുന്നത് മരവിപ്പിക്കാൻ നിർദേശിച്ചത്.

ഇൗ പ്രവൃത്തികൾക്ക് 25 കോടിയാണ് അനുവദിച്ചത്. 1.60 കോടി മാർച്ചിൽ നൽകി. ബാക്കിത്തുക വന്നത് ഏപ്രിലിലാണ്. ഇൗ പണം പുതിയ സാമ്പത്തിക വർഷത്തിന്റെ കണക്കിലാണ് വരുന്നത്. ഇത്തരം വ്യത്യാസങ്ങളുണ്ടായാലും കാർഷികക്ഷേമത്തിനുള്ള പണം തടഞ്ഞുവെയ്ക്കാറില്ല. അതിനാണ് ഇക്കുറി വ്യത്യാസം വന്നത്.

മാതൃഭൂമി വാർത്ത ബോർഡംഗങ്ങൾ കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണ് പണം നൽകാൻ നിർദേശം വന്നത്.

പുതിയ തീരുമാനപ്രകാരം ഹെക്ടറിന് 4000 രൂപ പ്രകാരം ഇപ്പോൾ അനുവദിക്കും. സാധനങ്ങൾക്ക് വില കൂടിയതിനാൽ സംഘങ്ങൾക്ക് ഹെക്ടറിന് 5000 രൂപ ചെലവ് വന്നിട്ടുണ്ട്. ബാക്കിയുള്ള 1000 രൂപ പിന്നീട് കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മഴമറയ്ക്കുള്ള തുക, 25,000 ഹെക്ടറിലേക്ക് മാത്രമാണ് അനുവദിക്കുക.

എട്ടുലക്ഷം ഹെക്ടർ കൃഷിയുള്ള കേരളത്തിൽ കാൽലക്ഷം ഹെക്ടറിന് മാത്രം സഹായം നൽകുന്നത് തെറ്റാണെന്ന് ഉത്‌പാദകസംഘങ്ങളുടെ ദേശീയകൂട്ടായ്മ ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. ഈ രീതി പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Rubber farmers kerala

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..