എസ്. രാജേന്ദ്രൻ, എം.എം. മണി| Photo: Mathrubhumi
മൂന്നാർ: സി.പി.എമ്മിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡുചെയ്തതിനെതിരേ മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അപ്പീൽ നൽകി. സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിൽകണ്ടാണ് അപ്പീൽ നൽകിയത്. തനിക്കെതിരേ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപ്പിക്കാൻ ജാതി അടിസ്ഥാനത്തിൽ വേർതിരിവ് ഉണ്ടാക്കി, രാജയ്ക്കുവേണ്ടി പ്രവർത്തിച്ചില്ല തുടങ്ങിയവയായിരുന്നു അന്വേഷണകമ്മിഷന്റെ കണ്ടെത്തലുകൾ. ഇതേത്തുടർന്നാണ് ജില്ലാ നേതൃത്വം രാജേന്ദ്രനെ പാർട്ടിയിൽനിന്നു ഒരുവർഷത്തേക്ക് സസ്പെൻഡുചെയ്തത്.
എന്നാൽ, താൻ പ്രവർത്തിച്ചിരുന്ന മറയൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഒരു ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിലും ഇതുസംബന്ധിച്ച് പ്രവർത്തകർ പരാതി ഉന്നയിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. സംഘടനാറിപ്പോർട്ടിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല.
തന്നെ പാർട്ടിയിൽ ഇല്ലാതാക്കണമെന്ന അജൻഡയോടെ മറയൂർ ഏരിയാ സമ്മേളനത്തിൽ എം.എം.മണി അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചു. തുടർന്ന് നേതാക്കൻമാരുടെ നിർദേശത്തെത്തുടർന്ന് റിപ്പോർട്ടിൽ തനിക്കെതിരേ പിന്നീട് ചില പരാമർശങ്ങൾ എഴുതിച്ചേർക്കുകയായിരുന്നെന്നും രാജേന്ദ്രൻ പറയുന്നു.
രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ട്രഷറർ സ്ഥാനമാണ് തന്നെ ഏൽപ്പിച്ചത്. ഈ ജോലി കൃത്യമായി ചെയ്തു. നേതാക്കൾ ആവശ്യപ്പെട്ട ഇടങ്ങളിൽ രാജയ്ക്കുവേണ്ടി പ്രചാരണം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും ഉണ്ട്.
40 വർഷമായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച താൻ, തോട്ടം മേഖലയിലെ തൊഴിലാളികൾക്കിടയിൽനിന്ന് വന്നതാണ്. തന്നെ തേജോവധം ചെയ്യാനും, രാഷ്ട്രീയഭാവി ഇല്ലാതാക്കാനും എം.എം.മണിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആരോപണങ്ങളും സസ്പെൻഷനും.
തോട്ടം മേഖലയിൽനിന്നുള്ള മുൻകാല നേതാക്കൻമാരുടെ അനുഭവം തന്നെയാണ് താനും നേരിടുന്നതെന്നും അപ്പീലിൽ വിവരിക്കുന്നു. സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അപ്പീലിലുണ്ട്.
Content Highlights: s rajendran files appeal to cpm state committee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..