സജി ചെറിയാൻ, അഡ്വ. യു പ്രതിഭ
തിരുവനന്തപുരം: സ്പീക്കറുടെ അഭാവത്തിൽ നിയമസഭ നിയന്ത്രിച്ച യു. പ്രതിഭ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പ്രസംഗം ചുരുക്കാതെ സജി ചെറിയാൻ. ഗവർണറെ സർവകലാശാലകളുടെ ചാൻസലർസ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബില്ലിന്റെ ചർച്ചയിലാണ് അവരുടെതന്നെ പാർട്ടിയിലെ മുതിർന്നനേതാവ് സജി ചെറിയാൻ പ്രതിഭയുടെ നിർദേശത്തെ അവഗണിച്ചത്.
ബില്ലിന്റെ ചർച്ചയിൽ സാധാരണമായി സ്പീക്കർ സമയം ചുരുക്കാൻ ആവശ്യപ്പെടാറില്ല. എന്നാൽ, ഒരുദിവസം നാലുബില്ലുകൾ പരിഗണിക്കുന്നതിനാലും കൂടുതൽപേർ സംസാരിക്കാനുള്ളതുകൊണ്ടുമാണ് പ്രസംഗം ചുരുക്കാൻ പ്രതിഭ ആവശ്യപ്പെട്ടത്.
പ്രസംഗം പന്ത്രണ്ടാംമിനിറ്റിലേക്ക് കടന്നപ്പോഴാണ് പ്രതിഭ ഇടപെട്ടത്: ‘‘അങ്ങേക്ക് ഇനിയും എത്രസമയം വേണം?’’. സജി ചെറിയാൻ: ‘‘പാർട്ടിയിൽനിന്ന് ഇനി സംസാരിക്കാൻ ഞാനും കൂടിയേയുള്ളൂ. മുമ്പ് സംസാരിച്ച കെ.കെ. ശൈലജ എടുത്ത 23 മിനിറ്റ് എനിക്കും വേണം. ബില്ലിന്മേലുള്ള ചർച്ചയിൽ നിയന്ത്രിക്കാൻ പാടില്ല’’.
പ്രതിഭ: ‘‘ടീച്ചർക്ക് 20 മിനിറ്റ് അനുവദിക്കേണ്ടിവന്നത് അവരാദ്യം സംസാരിച്ചതുകൊണ്ടാണ്. അത്രയും അനുവദിക്കാനാവില്ല. ബഹുമാനപ്പെട്ട അംഗം പ്രസംഗം ചുരുക്കണം’’. പ്രതിഭ പലവട്ടം ഇതാവശ്യപ്പെട്ടെങ്കിലും കെ.കെ. ശൈലജ 23 മിനിറ്റെടുത്തെന്നും അത്രയുംസമയം താനും സംസാരിക്കുമെന്നായിരുന്നു സജി ചെറിയാന്റെ വാദം. പലരുടെയും ഇടപെടലുകൾക്ക് വഴങ്ങി സമയം നീട്ടുകയുംചെയ്തു.
25 മിനിറ്റ് കഴിഞ്ഞാണ് പ്രസംഗം നിർത്തിയത്. ഇതാരും മാതൃകയാക്കരുതെന്നും സമയം പാലിച്ചില്ലെങ്കിൽ നടപടികൾ പൂർത്തിയാക്കാനാകില്ലെന്നും പ്രതിഭ പറഞ്ഞു.
പിന്നീട് സീറ്റിലേക്ക് മടങ്ങിയ പ്രതിഭ, സജി ചെറിയാനോട് സൗഹൃദസംഭാഷണം നടത്തുകയുംചെയ്തു. ഈ സമ്മേളനത്തിൽ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ മൂന്നു വനിതാ അംഗങ്ങളെയാണ് സഭ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.
Content Highlights: saji cheriyan, u.prathibha, speaker panel, kerala legislative assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..