സജി ചെറിയാൻ| ഫയൽ ഫോട്ടോ, ജി. ശിവപ്രസാദ് മാതൃഭൂമി
ആലപ്പുഴ: ‘എന്തു പ്രഹസനമാണു സജീ’ എന്ന് എതിരാളികൾ ചോദിച്ചാൽ കുലുങ്ങുന്നയാളല്ല സജി ചെറിയാൻ. കൂസലില്ലായ്മ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത്തവണ പക്ഷേ, ഭരണഘടനയെപ്പിടിച്ചുള്ള കളിയായതിനാൽ കാര്യങ്ങൾ കൈവിട്ടുപോയി. തന്റെ പതിവുരീതികൾ വിട്ട് തിരുത്തലുകളിലേക്കുപോകാൻ സജി ചെറിയാൻ നിർബന്ധിതനായി.
എം.എൽ.എ.യായിരുന്ന കെ.കെ. രാമചന്ദ്രൻനായരുടെ(കെ.കെ.ആർ.) നിര്യാണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ അദ്ദേഹമൊരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചെങ്ങന്നൂരിൽ ശോഭനാ ജോർജിനെ സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തിറക്കിയതു താൻ തന്നെയാണെന്നും അത് കെ.കെ.ആറിന്റെ വിജയം ഉറപ്പാക്കാനായിരുന്നെന്നും അദ്ദേഹം വെച്ചുകാച്ചി. കെ.കെ.ആറിന്റെ അമരക്കാരനായിരുന്ന സജിക്കു പൊതുവേദിയിൽ ‘തിരഞ്ഞെടുപ്പുതന്ത്രം’ വെളിപ്പെടുത്താൻ ഒരു മടിയുമുണ്ടായില്ല. തിരഞ്ഞെടുപ്പിൽ ശോഭന 3966 വോട്ടുപിടിച്ചു. പി.സി. വിഷ്ണുനാഥിനെതിരേ രാമചന്ദ്രൻനായരുടെ വിജയം 7983 വോട്ടിനായിരുന്നു. ശോഭന പിന്നീട് എൽ.ഡി.എഫ്. സഹയാത്രികയായി.
ചെങ്ങന്നൂരിൽ ഇതുവരെയാർക്കും ലഭിക്കാത്ത ഭൂരിപക്ഷം നേടിയാണ് (32,093) ഇത്തവണ സജി ചെറിയാൻ വിജയിച്ചത്. അതിനുപിന്നിൽ അദ്ദേഹം നേതൃത്വംനൽകുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സ്ഥാപനത്തിന്റെ പ്രവർത്തനമികവുകൂടിയുണ്ടായിരുന്നു.
2018-ലെ പ്രളയകാലത്ത് ചെങ്ങന്നൂരിന്റെ ദുരന്തസാഹചര്യംപറഞ്ഞ് ചാനലുകൾക്കു മുന്നിൽ സജി ചെറിയാൻ കരഞ്ഞു. സ്വന്തം മുന്നണിഭരിക്കുമ്പോൾ പരസ്യമായി കരഞ്ഞത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആക്ഷേപമുയർന്നു. സി.പി.എം. സംസ്ഥാനകമ്മിറ്റിയിൽ ഇതുന്നയിക്കാൻ നീക്കമുണ്ടായി. എങ്കിലും അതുണ്ടായില്ല.
ആലപ്പുഴയിൽ പിണറായിക്കൊപ്പം എക്കാലത്തും നിന്നയാളാണ് സജി ചെറിയാൻ. ഗ്രൂപ്പു യോഗം ചേർന്നതിന് പാർട്ടിക്കാരുടെ മർദനമേറ്റതായും ആരോപണമുണ്ടായിരുന്നു. ഇതിനെ പരാമർശിച്ച്, ആലപ്പുഴയിൽ ചിലർ പാർട്ടി വളർത്തുന്നത് ചിലരുടെയൊക്കെ നെഞ്ചത്തുകൂടിയാണോയെന്ന് പിണറായി ചോദിച്ചതായും പ്രചരിച്ചു. ചില കോൺഗ്രസ് നേതാക്കൾക്കെതിരേ സരിതാ നായർ പറഞ്ഞിട്ടുള്ളതെല്ലാം റെക്കോഡുചെയ്തു സൂക്ഷിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ വിഷയമായതിനാൽ പിണറായി കർശനമായി വിലക്കിയതുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം കഴിഞ്ഞദിവസം ആലപ്പുഴയിൽ പ്രസംഗിച്ചതും ചർച്ചയായിരുന്നു.
മന്ത്രിയുടെ വിമർശനം സി.പി.എമ്മിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധം
തിരുവനന്തപുരം: ഭരണഘടനയെക്കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശം സി.പി.എമ്മിന്റെ പാർട്ടിപരിപാടിക്കു വിരുദ്ധം. ഇതിനുപുറമെ, ഏപ്രിലിൽ കണ്ണൂരിൽ നടന്ന 23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലെ കാഴ്ചപ്പാടും തള്ളുന്നതാണ് ഭരണഘടന സംബന്ധിച്ച മന്ത്രിയുടെ വിമർശനം.
സി.പി.എം. പരിപാടിയിൽ ‘സ്വാതന്ത്ര്യലബ്ധിയും അതിനുശേഷവും’ എന്ന ഭാഗത്തെ 27-ാം ഖണ്ഡികയിലാണ് ഇന്ത്യൻ ഭരണഘടനയെ പ്രശംസിച്ചുള്ള പാർട്ടിയുടെ വിലയിരുത്തൽ. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ബൂർഷ്വ-ഭൂപ്രഭു വ്യവസ്ഥയ്ക്കെതിരേയുള്ള നിശിതമായ കുറ്റപത്രമാണ് ഭരണഘടനയിലെ കാഴ്ചപ്പാടും ബൂർഷ്വാ ഭരണാധികാരികളുടെ പ്രയോഗവും തമ്മിലുള്ള സ്പഷ്ടമായ അന്തരമെന്നും പരിപാടി ചൂണ്ടിക്കാട്ടുന്നു.
‘1950-ൽ അംഗീകരിക്കപ്പെട്ട ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണഘടന, ഭരണകൂടം പിന്തുടരേണ്ടതായ മാർഗനിർദേശക തത്ത്വങ്ങൾ ആവിഷ്കരിക്കുകയുണ്ടായി. താഴെപ്പറയുന്നവ അതിൽ ഉൾപ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കാനുള്ള അവകാശവും സമ്പത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കാത്ത സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസത്തിനുള്ള അവകാശവും കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കലും തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ വേതനവും സ്ത്രീപുരുഷന്മാർക്ക് തുല്യജോലിക്ക് തുല്യവേതനവും; ഈ തത്ത്വങ്ങളൊന്നും പ്രയോഗത്തിൽ സാക്ഷാത്‌കരിക്കപ്പെട്ടിട്ടില്ല.’- ഇതാണ് പാർട്ടി പരിപാടിയിലെ വിലയിരുത്തൽ.
നമ്മുടെ മതേതര-ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാനശിലകളെ താഴ്ത്തിക്കെട്ടിയാണ് നരേന്ദ്രമോദി സർക്കാരിന്റെ ഭരണമെന്നാണ് കണ്ണൂർ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലെ സമീപനം. ഇന്ത്യൻ ഭരണഘടനാ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ മാറ്റാൻ നിരന്തരമായ പരിശ്രമത്തിലാണ് മോദി സർക്കാരെന്നും രാഷ്ട്രീയപ്രമേയം വിമർശിക്കുന്നു. പൗരത്വ നിയമഭേദഗതി, ജമ്മു-കശ്മീർ വിഭജനം, അയോധ്യയിലെ രാമക്ഷേത്ര നിർമാണം തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കണമെന്ന് സി.പി.എം. നിരന്തരം ആഹ്വാനം ചെയ്യുകയും പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നവേളയിലാണ് മന്ത്രി സജി ചെറിയാന്റെ വിവാദപ്രസംഗം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..