Representative Image| Photo: Gettyimages.in
തിരുവനന്തപുരം: കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർഥി മരിച്ചതിനെത്തുടർന്ന് ആ കടയിൽനിന്നു ശേഖരിച്ച സാംപിളുകളിൽ ഷിഗെല്ല, സാൽമൊണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി മന്ത്രി വീണാജോർജ്.
ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണെല്ലയുടെയും ഷിഗെല്ലയുടെയും സാന്നിധ്യവും കുരുമുളകുപൊടിയിൽ സാൽമൊണെല്ലയുടെ സാന്നിധ്യവുമാണ് കണ്ടെത്തിയത്. ശേഖരിച്ച സാംപിൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമല്ലെന്നു വ്യക്തമായിട്ടുണ്ട്. ആ ഭക്ഷണശാലയ്ക്കെതിരേ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
349 ഹോട്ടലുകൾകൂടി പരിശോധിച്ചു
ഹോട്ടലുകളിലെയും ഭക്ഷണശാലകളിലെയും പരിശോധനകൾ ശക്തമായി തുടരുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.
ശനിയാഴ്ച 349 ഭക്ഷണശാലകളിൽ പരിശോധന നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു. വൃത്തിഹീനമായിക്കണ്ട 119 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാംപിളുകൾ പരിശോധനയ്ക്കയച്ചു.
ആറുദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 1132 പരിശോധനകൾ നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകൾക്കെതിരേ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാംപിളുകൾ പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു.
‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളിൽ 2014 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ശർക്കരയിൽ മായം കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങൾ പരിശോധിച്ചു.
ഷിഗെല്ല
മനുഷ്യശരീരത്തിനുള്ളിൽച്ചെന്നാൽ ആമാശയത്തെ ബാധിക്കുന്ന ബാക്ടീരിയ. ലക്ഷണം: വയറിളക്കം. ചികിത്സ ആവശ്യം.
സാൽമൊണെല്ല
ഒരുതരം ബാക്ടീരിയ. പനിയാണ് പ്രാഥമിക ലക്ഷണം. പ്രധാനമായും ആമാശയത്തെ ബാധിക്കുന്നു. രക്തത്തിൽ കലർന്ന് പ്രശ്നമുണ്ടാക്കുന്നവയുമുണ്ട്. അടിയന്തര ചികിത്സ ആവശ്യം.
Content Highlights: salmonella and shigella bacteria found in shawarma sample says minister veena george
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..