ഡ്യൂട്ടിക്കിടെ യൂണിഫോമിൽ നൃത്തംചെയ്തു; എസ്.ഐ.യ്ക്ക് സസ്പെൻഷൻ


1 min read
Read later
Print
Share

നടപടി വന്നത് നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ

Image Courtesy: Mathrubhumi news screengrab

അടിമാലി: ഉത്സവത്തിനിടെ യൂണിഫോമിൽ നൃത്തംചെയ്ത ഗ്രേഡ് എസ്.ഐ.യ്ക്ക് സസ്പെൻഷൻ. ശാന്തൻപാറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കെ.എ. ഷാജിയെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത്. പാലം പൂപ്പാറ മാരിയമ്മൻ കോവിലിലെ ഉത്സവത്തിനിടെ ഷാജി നൃത്തംചെയ്യുന്ന വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മാരിയമ്മൻ കോവിലിൽ മൂന്നുദിവസമായി ഉത്സവം നടക്കുകയായിരുന്നു. ഷാജിക്കും മറ്റ് രണ്ട് പോലീസുകാർക്കുമായിരുന്നു ഡ്യൂട്ടി. രാത്രി പത്തോടെ കരകാട്ടം തുടങ്ങി. ‘മാരിയമ്മ...മാരിയമ്മ’ എന്ന തമിഴ് ഭക്തിഗാനമായിരുന്നു പശ്ചാത്തലത്തിൽ. നാട്ടുകാർ നൃത്തം ചെയ്തു.

ഇതുകണ്ട് ഷാജിയും നൃത്തംചെയ്യാൻ തുടങ്ങി. എന്നാൽ, നാട്ടുകാർ നൃത്തം അവസാനിപ്പിച്ചിട്ടും ഇയാൾ ആവേശത്തോടെ തുടർന്നു. നാട്ടുകാർ എസ്.ഐയെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതോടെ, ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ, എസ്.ഐയുടെ ‘പന്തിയല്ലാത്ത’ നൃത്തത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി ബുധനാഴ്ച വൈകീട്ട് മൂന്നാർ ഡിവൈ.എസ്.പിക്ക് നിർദേശംനൽകി. വ്യാഴാഴ്ച രാവിലെ റിപ്പോർട്ട് ലഭിച്ചു. തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

പോലീസുകാരൻ മദ്യലഹരിയിലാണ് നൃത്തംചെയ്തതെന്ന് നാട്ടുകാർ സ്പെഷ്യൽ ബ്രാഞ്ചിന് മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഡ്യൂട്ടിക്കിടെ യൂണിഫോമിൽ പൊതുജനമധ്യത്തിൽ നൃത്തംചെയ്തതിനാണ് ഷാജിയെ സസ്പെൻഡ് ചെയ്തതെന്ന് ജില്ലാപോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു. മദ്യപിച്ചാണ് നൃത്തം ചെയ്തതെന്ന ആരോപണത്തേക്കുറിച്ച് വകുപ്പുതല അന്വേഷണവും നടത്തും.

Content Highlights: santhanpara asi dance in uniform at temple festival

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..