സരിത | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സ്വപ്നാ സുരേഷ്, പി.സി. ജോർജ് എന്നിവർ പ്രതികളായ ഗൂഢാലോചനക്കേസിൽ സോളാർ കേസിലെ പ്രതി സരിതാ നായർ കോടതിയിൽ രഹസ്യമൊഴി നൽകി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന മുഖ്യമന്ത്രിക്കുനേരെ ഉന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പി.സി. ജോർജും സരിതയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരായ കേസന്വേഷിക്കുന്ന പ്രത്യേകസംഘം സരിതയിൽനിന്ന് രഹസ്യമൊഴിയെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. രേഖ രഹസ്യമൊഴി രേഖപ്പെടുത്താനായി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് എ. അനീസയെ ചുമതലപ്പെടുത്തി. ഒന്നരമണിക്കൂറോളമാണ് സരിത മൊഴിനൽകിയത്.
ഇപ്പോഴത്തെ സ്വർണക്കടത്ത് വിവാദങ്ങൾക്കുപിന്നിലെ ഗൂഢാലോചനയിൽ അന്താരാഷ്ട്രതലത്തിൽ ശാഖകളുള്ള തിമിംഗിലങ്ങളുണ്ടെന്ന് സരിത മാധ്യമങ്ങളോടു പറഞ്ഞു. ‘‘പി.സി. ജോർജ്, സ്വപ്ന, ക്രൈം നന്ദകുമാർ, പേരുവെളിപ്പെടുത്താനാകാത്ത രാഷ്ട്രീയപ്പാർട്ടികൾ എന്നിവയ്ക്കു പങ്കുണ്ട്. തെളിവുകൾ കൈമാറിയിട്ടുമുണ്ട്.
പ്രധാനമായും ഒരു രാഷ്ട്രീയപ്പാർട്ടി സ്വപ്നയ്ക്ക് സംരക്ഷണം നൽകാമെന്നുപറഞ്ഞിരുന്നു. ആ സംരക്ഷണം ലഭിച്ചതിനാലാകണം അവരിപ്പോൾ ആരോപണങ്ങളുമായി എത്തിയത്. സ്വർണക്കടത്ത് കേസ് ഉണ്ടാകുന്നതിനുമുമ്പ്, 2015-ൽ ആരംഭിച്ച ഒരു സാമ്പത്തിക തിരിമറിയുടെ അടിസ്ഥാനത്തിലുള്ള സംഭവങ്ങളാണ് ഇന്നത്തെ അവസ്ഥയിൽ എത്തിനിൽക്കുന്നത്. ചിലരെ രക്ഷിക്കാൻ സ്വപ്ന മറ്റുചിലരെ ഉപയോഗപ്പെടുത്തുകയാണ്. സ്വപ്നയുടെ ആരോപണം രാഷ്ട്രീയപ്രേരിതമല്ല’’ -സരിത വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..