സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കാരം: പൊളിച്ചെഴുത്ത് പരീക്ഷയിലും അധ്യയനത്തിലും


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിൽ സ്കൂൾ പരീക്ഷാസമ്പ്രദായത്തിൽ പൊളിച്ചെഴുത്തിനു സാധ്യത. നിരന്തരമായ എഴുത്തുപരീക്ഷകളും അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികൾക്ക് ഗുണനിലവാരമുള്ള പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ കരടുസമീപനരേഖയിലെ നിരീക്ഷണം. പരീക്ഷയിലെ പൊളിച്ചെഴുത്തുരീതി വിവിധ തട്ടുകളിലുള്ള പാഠ്യപദ്ധതി ചർച്ചകളിലൂടെ രൂപപ്പെടുത്താനാണ് തീരുമാനം.

കുട്ടികളുടെ മികവും ദൗർബല്യവും മനസ്സിലാക്കിയുള്ള അധ്യയനരീതി പരിശീലിപ്പിക്കും. ഇതിനായി ’സ്റ്റുഡന്റ് പ്രൊഫൈൽ’ തയ്യാറാക്കണം. നിലവിലെ എഴുത്തുപരീക്ഷാരീതി കുട്ടികളിൽ മാനസികസംഘർഷവും രക്ഷിതാക്കളിൽ സമ്മർദവും സൃഷ്ടിക്കുന്നുണ്ടെന്ന് പാഠ്യപദ്ധതി ചർച്ചകളിൽ പങ്കാളിയായ വിദ്യാഭ്യാസവിദഗ്ധൻ ‘മാതൃഭൂമി’യോടു പറഞ്ഞു. അടിമുടി പരിഷ്കാരം എളുപ്പമല്ല. അതിനാലാണ് ചർച്ചയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ പരിഗണിക്കാനുള്ള തീരുമാനം.

സെക്കൻഡറിതലത്തിലെ പരീക്ഷാസമ്പ്രദായവും അതിനുള്ള തയ്യാറെടുപ്പുകളുമൊക്കെ കുട്ടികളുടെ പഠനത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ദേശീയവിദ്യാഭ്യാസനയരേഖയും ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകൾ, സഹായം ആവശ്യമുള്ള മേഖലകൾ തുടങ്ങി അവരുടെ ശക്തി-ദൗർബല്യങ്ങൾ കൃത്യമായി സ്റ്റുഡന്റ് പ്രൊഫൈലിൽ രേഖപ്പെടുത്തണമെന്നും നിരീക്ഷിക്കുന്നു.

പാഠപുസ്തകത്തിലോ ഇതരഗ്രന്ഥങ്ങളിലോ വിവരിക്കുന്ന വസ്തുത അതേപടി ഗ്രഹിക്കുന്നതിനുപകരം യുക്തിപൂർവം വിലയിരുത്തി വിദ്യാർഥി സ്വയം നിഗമനത്തിലെത്തുന്ന പഠനരീതി വേണം. ഇതിനായി ഫിൻലാൻഡ് ഉൾപ്പെടെയുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ പഠനരീതി കേരളത്തിന് അനുയോജ്യമായി പ്രയോജനപ്പെടുത്താമെന്നാണ് നിർദേശം.

കലാപഠനത്തിന് ആർട്ട്‌ ലാബ്

കലാവിദ്യാഭ്യാസത്തിനായി സ്കൂളുകളിൽ ആർട്ട്‌ ലാബുകൾ വേണമെന്ന് പാഠ്യപദ്ധതി പരിഷ്കാരത്തിൽ നിർദേശിക്കുന്നു. ഇപ്പോൾ പ്ലസ് ടു തലത്തിൽ സംഗീതം മാത്രമാണ് വിഷയം. എന്നാൽ, ദൃശ്യകലയുടെ ഡിഗ്രി കോഴ്‌സുകൾക്കും പ്രവേശനപരീക്ഷകൾക്കും ഉതകുന്നതരത്തിൽ സിലബസും പാഠപുസ്തകവും വേണമെന്നാണ് ശുപാർശ. മറ്റുവിഷയങ്ങൾക്കുള്ളതുപോലെ ദൃശ്യകലയ്ക്കായി ആർട്ട്‌ ലാബ് വേണമെന്ന് ശുപാർശയിൽ പറയുന്നു.

Content Highlights: school curriculum reform

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..