സ്കൂളിൽ 220 പ്രവൃത്തിദിനം: പുതിയ അധ്യയനവർഷം പകുതി ശനിയാഴ്ചയും ക്ലാസുകൾ


1 min read
Read later
Print
Share

പുതിയ കലണ്ടറനുസരിച്ച്, ആറുമാസം മൂന്നു ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകൾ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും.

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സ്കൂളുകളിൽ 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാൻ സർക്കാർ തീരുമാനമെടുത്താൽ പുതിയ അധ്യയനവർഷത്തെ പകുതി ശനിയാഴ്ചകൾ ക്ലാസുണ്ടാവും. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിർദേശം. ഇക്കാര്യം കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടിയും ശരിവെച്ചു. ഇതോടെ, ഈവർഷം അധ്യയനദിവസങ്ങൾ കൂട്ടാനാണ് സർക്കാർതീരുമാനമെന്ന് വ്യക്തമായി.

ഇക്കഴിഞ്ഞ അധ്യയനവർഷം ഇരുനൂറോളം പ്രവൃത്തിദിനങ്ങളുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് മുൻവർഷങ്ങളിൽ ഇതുസാധിച്ചില്ല.

പുതിയ കലണ്ടറനുസരിച്ച്, ആറുമാസം മൂന്നു ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകൾ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും മൂന്നുശനിയാഴ്ചകൾവീതം ക്ലാസുകളുണ്ടാവുക.

ജൂലായിൽ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ഓഗസ്റ്റ്, നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ടുവീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിർദേശം. മൊത്തം 28 ശനിയാഴ്ചകളിൽ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

വി.എച്ച്.എസ്.ഇ.യിൽ 221 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിർദേശം. ഹയർസെക്കൻഡറിയിൽ 192 പ്രവൃത്തിദിനങ്ങളേ നിർദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂർ, അധ്യയനവർഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.

ഇപ്പോൾത്തന്നെ പലകാരണങ്ങളാൽ അധ്യയനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികൾക്ക് പഠനമുറപ്പാക്കാൻ അവസരമൊരുക്കുകയെന്നതാണ് പ്രവൃത്തിദിനം കൂട്ടാൻ സർക്കാർ ഉന്നയിക്കുന്ന വാദം. കുട്ടികൾക്ക് പഠനഭാരം കൂടുമെന്നാണ് അധ്യാപകസംഘടനകളുടെ എതിർവാദം. ഇത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അശാസ്ത്രീയമെന്ന് അധ്യാപകസംഘടനകൾ

ആഴ്ചയിലെ ആറുപ്രവൃത്തിദിനങ്ങൾ വിദ്യാർഥികൾക്ക് ശാരീരിക -മാനസിക സമ്മർദങ്ങൾക്കിടയാക്കുമെന്ന് കെ.എച്ച്.എസ്.ടി.യു. അഭിപ്രായപ്പെട്ടു. പുതിയ സിലബസോ പാഠപുസ്തകങ്ങളോ വരാത്ത സാഹചര്യത്തിൽ അധികപ്രവൃത്തിദിനങ്ങൾക്ക് അക്കാദമികതീരുമാനമാണ് വേണ്ടതെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ പറഞ്ഞു.

തീരുമാനം ഏകാധിപത്യപരമാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് കുറ്റപ്പെടുത്തി. എൻ.എസ്.എസ്., എൻ.സി.സി. തുടങ്ങിയവയൊക്കെ നടക്കുന്നത് ശനിയാഴ്ചയാണ്. പുതിയക്രമീകരണത്തിൽ ഇതൊക്കെ താളംതെറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിലുണ്ടെന്നിരിക്കേ, ശനിയാഴ്ച അധികപ്രവൃത്തിദിനമാക്കേണ്ട ആവശ്യമില്ലെന്ന് എച്ച്.എസ്.എസ്.ടി.എ. ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് അഭിപ്രായപ്പെട്ടു.

Content Highlights: School reopening Saturday 220 working days

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..