വി. ശിവൻകുട്ടി | Photo: Mathrubhumi
തിരുവനന്തപുരം: വേനലവധി വെട്ടിക്കുറച്ചും പ്രവൃത്തിദിനങ്ങൾ 210 ആയി വർധിപ്പിച്ചുമുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി അധ്യാപക സംഘടനകൾ. പ്രായോഗികമല്ലാത്ത നിർദേശങ്ങൾ പിൻവലിച്ച് വിദ്യാഭ്യാസ കലണ്ടർ തിരുത്തണമെന്നാവശ്യപ്പെട്ട് ഇടതുസംഘടനയായ എ.കെ.എസ്.ടി.യു. മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.
തിങ്കളാഴ്ച ഉപജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനവും ധർണയും നടത്താൻ പ്രതിപക്ഷസംഘടനയായ കെ.പി.എസ്.ടി.എ. തീരുമാനിച്ചു. ഇതിനിടെ, കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയ തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് 220 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് മന്ത്രിയുടെ വാദം.
കൂടിയാലോചനയില്ലാതെ പ്രഖ്യാപിച്ച വിദ്യാഭ്യാസ കലണ്ടർ ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ടി.എ. ആവശ്യപ്പെട്ടിരുന്നു.
വിദ്യാഭ്യാസ ഗുണമേന്മാസമിതിയുടെ തീരുമാനത്തിൽനിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ചെന്നാണ് എ.കെ.എസ്.ടി.യു.വിന്റെ വിമർശനം. കേരള പൊതുവിദ്യാഭ്യാസ ചട്ടമനുസരിച്ചുവേണം കാലോചിതമായ മാറ്റങ്ങൾ വരുത്താനെന്ന് സി.പി. നായർ കമ്മിറ്റിയും ഖാദർകമ്മിഷനും നിർദേശിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെ വേനലവധി വെട്ടിക്കുറച്ചു. അധ്യാപകരെ വിശ്വാസത്തിലെടുക്കാതെയാണ് തീരുമാനങ്ങൾ നടപ്പാക്കിയതെന്ന് എ.കെ.എസ്.ടി.യു. പ്രസിഡന്റ് പി.കെ. മാത്യുവും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും കുറ്റപ്പെടുത്തി.
ഇനിയൊരു ചർച്ചയില്ലെന്ന മന്ത്രിയുടെ ധിക്കാരപരമായ സമീപനം തിരുത്തണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു. ശനിയാഴ്ചത്തെ പ്രവൃത്തിദിനം കുട്ടികളുടെ എൻട്രൻസ് പരീക്ഷാപരിശീലനം, എൻ.സി.സി., എൻ.എസ്.എസ്. തുടങ്ങിയവയെ ബാധിക്കുമെന്ന് സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായണൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: school working days v sivankutty


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..