പ്രതീകാത്മകചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: ബസ്, ലോറി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുൻസീറ്റിൽ യാത്രചെയ്യുന്നവർക്കും സെപ്റ്റംബർ ഒന്നുമുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. കെ.എസ്.ആർ.ടി.സി.ക്കും നിയമം ബാധകമാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങളിൽ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബർവരെ സമയം അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനങ്ങളിൽ ഇപ്പോൾ സീറ്റ് ബെൽറ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്.
കാബിനുള്ള ബസുകളിൽ (ടൂറിസ്റ്റ് കോൺട്രാക്ട് കാര്യേജുകൾ) ഡ്രൈവർക്കും മുന്നിൽ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. കാബിനില്ലാത്ത ബസുകളിൽ (റൂട്ട് സർവീസ്) ഡ്രൈവർക്ക് മാത്രമാണ് സീറ്റ് ബെൽറ്റ് ബാധകം. ലോറികളിൽ ഡ്രൈവറും സഹായിയും സീറ്റ് ബെൽറ്റ് ഉപയോഗിക്കണം.
നിർദേശം സുരക്ഷയെക്കരുതി
ബസ്സപകടങ്ങളിൽ ഡ്രൈവർ സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഒഴിവാക്കാനാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത്. വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസ്, കെ.എസ്.ആർ.ടി.സി. ബസിനുപിന്നിൽ ഇടിച്ചപ്പോഴേ ഡ്രൈവർ സീറ്റിൽനിന്ന് തെറിച്ച് താഴെവീണിരുന്നു.
ടൂറിസ്റ്റ് ബസ് നിയന്ത്രണംതെറ്റി മുന്നോട്ടോടിയാണ് മറിഞ്ഞത്. അപകടത്തിന്റെ ആഘാതത്തിൽ ഡ്രൈവർക്ക് സ്റ്റിയറിങ് നിയന്ത്രണം നഷ്ടമായാലും സീറ്റിലുണ്ടെങ്കിൽ പിന്നീട് വാഹനം നിയന്ത്രിക്കാനാകും. തെറിച്ച് വീഴുന്നതുവഴിയുള്ള ആഘാതം കുറയ്ക്കാനുമാകും.
കെ.എസ്.ആർ.ടി.സി.ക്ക് അധികബാധ്യത
വാഹനനിർമാണക്കമ്പനി നൽകിയ സീറ്റ് ബെൽറ്റുകൾ ഇളക്കിമാറ്റിയ കെ.എസ്.ആർ.ടി.സി.ക്ക് പുതിയ നിബന്ധന അധികബാധ്യതയാണ്. ഹെവി വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് സെറ്റിന് 400-600 രൂപ വിലയുണ്ട്. 2005-ന് ശേഷമുള്ള ബസുകളിൽ ഇവ വാങ്ങി പിടിപ്പിക്കേണ്ടിവരും. സ്വിഫ്റ്റിന് വാങ്ങിയ ഇലക്‌ട്രിക്, ഡീസൽ ബസുകളിൽ സീറ്റ് ബെൽറ്റുണ്ട്.
Content Highlights: seat belt made mandatory for heavy vehicles including ksrtc from september
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..