എൽദോസ് കുന്നപ്പിള്ളി
കൊച്ചി: ലൈംഗികപീഡനവും മർദനവുമുൾപ്പെടെയുള്ള യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവുകൂടിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യുടെ പേരിൽ കേസെടുത്തതോടെ, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ്. രംഗത്തുവന്നു. പെരുമ്പാവൂരിലെ എം.എൽ.എ. ഓഫീസിലേക്ക് ഇടതുമുന്നണി മാർച്ച് നടത്തി. രാവിലെ ഡി.വൈ.എഫ്.ഐ.യും എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പിള്ളി പരാജയപ്പെടുത്തിയ ഇടതുസ്ഥാനാർഥി കേരള കോൺഗ്രസ് (എം) നേതാവ് ബാബു ജോസഫും രംഗത്തുവന്നു. പോലീസ് കേസെടുത്തിരിക്കെ നിരപരാധിത്വം തെളിയിക്കുന്നതുവരെ എൽദോസ് കുന്നപ്പിള്ളി രാജിവെച്ച് മാറിനിൽക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്രതീക്ഷിതമായി പാർട്ടി എം.എൽ.എ.യ്ക്കെതിരേ ആരോപണവും കേസും വന്നത് കോൺഗ്രസിനെയും വെട്ടിലാക്കി. കാര്യങ്ങൾ പരിശോധിച്ചശേഷം കരുതലോടെ പ്രതികരിക്കാമെന്ന നിലപാടാണ് അവർ പൊതുവേ സ്വീകരിച്ചിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് പരാതിക്കുപിന്നിലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും അത് പരസ്യമായി പറയാൻ അവർ തയ്യാറായിട്ടില്ല.
പെരുമ്പാവൂരിലെ എം.എൽ.എ. ഓഫീസ് ചൊവ്വാഴ്ച തുറന്നിരുന്നെങ്കിലും കുന്നപ്പിള്ളി എവിടെയെന്ന ചോദ്യത്തിന് അവിടെനിന്ന് ഉത്തരം ലഭിച്ചില്ല. എം.എൽ.എ.യുടെ വീടും പൂട്ടിയിട്ടിരിക്കുകയാണ്.
Content Highlights: Sexual assault complaint against Congress MLA Eldhose Kunnappilly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..