ട്രെയിനിൽ പെൺകുട്ടിക്കു നേരേ അതിക്രമം; മൂന്നുപേർ കസ്റ്റഡിയിൽ


ഒന്നാം പ്രതിയെ വയനാട്ടിൽനിന്നും രണ്ടുപേരെ കൊച്ചിയിൽനിന്നും കസ്റ്റഡിയിലെടുത്തു

അറസ്റ്റിലായ ജോയ് ജേക്കബ്, സിജോ ആന്റോ, സുരേഷ്‌

കൊച്ചി: പിതാവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഒന്നാം പ്രതി പുതുക്കാട് കുറ്റിക്കാട് പെരിയാടൻ വീട്ടിൽ ജോയ് ജേക്കബ് (53), മൂന്നാം പ്രതി മുരിങ്ങൂർ കിൻഫ്ര പാർക്കിനു സമീപം ഇലഞ്ഞിക്കൽ വീട്ടിൽ സിജോ ആന്റോ (43), നാലാം പ്രതി വെസ്റ്റ് ചാലക്കുടി ഓടത്തുവീട്ടിൽ സുരേഷ് (53) എന്നിവരെയാണ് എറണാകുളം റെയിൽവേ പോലീസ് ഇൻസ്പെക്ടർ ക്രിസ്പിൻ സാമും സംഘവും അറസ്റ്റ് ചെയ്തത്.

ഒളിവിലായിരുന്ന പ്രതികളിൽ ജോയിയെ വയനാട്ടിൽനിന്നും സുരേഷിനെയും സിജോയെയും കൊച്ചിയിൽനിന്നുമാണ് പിടികൂടിയത്. ജോയിയെ വ്യാഴാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഇനിയും രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. പുൽപ്പള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ജോയി.

രണ്ടു ദിവസമായി തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പോലീസ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ട്രെയിനിലാണ് പിതാവിനൊപ്പം യാത്ര ചെയ്ത പെൺകുട്ടിക്കു നേരേ അതിക്രമമുണ്ടായത്. തൃശ്ശൂർ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് സംഘത്തിലെ അഞ്ചുപേരും ഇറങ്ങിയത്. ഒന്നാം പ്രതി ജോയിയാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത പിതാവിനെ മറ്റു പ്രതികൾ ചേർന്ന് തടയുകയും തള്ളിമാറ്റുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..