ഷാഫിയുടെ യാത്ര, പത്തനംതിട്ട കളക്ടര്‍ക്കെതിരായ മുദ്രാവാക്യം; യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വിമര്‍ശനം


1 min read
Read later
Print
Share

കളക്ടർക്കെതിരേ മുദ്രാവാക്യം വിളിച്ച ജില്ലാ പ്രസിഡൻറിനെയും വിമർശിച്ചു

ഷാഫി പറമ്പിൽ | മാതൃഭൂമി

അടൂർ: അടൂരിൽ നടന്ന, പത്തനംതിട്ട ജില്ലാ യൂത്ത് കോൺഗ്രസ് പഠനക്യാമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിന് വിമർശനം. പ്രമേയ ചർച്ചക്കിടെയാണിത്. അനധികൃത നിയമനങ്ങൾക്കെതിരേ തിരുവനന്തപുരം കോർപ്പറേഷനിൽ സമരം നടക്കുന്ന സമയത്ത് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിക്കൊപ്പം ഖത്തറിൽ ലോക കപ്പ് കാണാൻ പോയത് ശരിയായില്ലെന്നായിരുന്നു വിമർശനം.

രാഷ്ട്രീയ കാമ്പയിനുകൾ ഏറ്റെടുക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. താഴെത്തട്ടിൽ യൂത്ത് കോൺഗ്രസിനെ സംഘടിപ്പിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. ജില്ലാ സെക്രട്ടറി അരവിന്ദ് ചന്ദ്രശേഖറാണ് വിമർശിച്ചത്.

പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടെ, ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ജില്ലാ കളക്ടർക്കെതിരേ മുദ്രാവാക്യം വിളിച്ചതിലും പ്രമേയചർച്ചയിൽ വിമർശനമുണ്ടായി. റാന്നി ബണ്ട് പാലം റോഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റിലേക്ക് ജനുവരി 16-ന് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് കണ്ണൻ കളക്ടർക്കെതിരേ മുദ്രാവാക്യം വിളിച്ചത്.

കളക്ടർ രാജിവെയ്‌ക്കണമെന്നും അവർ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകമാത്രമേ ചെയ്യുന്നുള്ളൂവെന്നും പിരിച്ചുവിടണമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് കണ്ണൻ വിളിച്ചതെന്നായിരുന്നു വിമർശനം. റോഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ പ്രതിഷേധിക്കാൻ, സ്ഥലം എം.എൽ.എ.യ്ക്കും പൊതുമരാമത്ത് മന്ത്രിക്കുമെതിരേയാണ് സമരം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കളക്ടർക്കെതിരേ സമരം ചെയ്തത് ശരിയായില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ജി.മനോജ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്.ശബരീനാഥിന്റെ ഭാര്യയാണ് കളക്ടർ. യൂത്ത് കോൺഗ്രസിന്റെ ഒരു സംസ്ഥാന സെക്രട്ടറിയുടെ പാറമടയുടെ നടത്തിപ്പിനെ സംബന്ധിച്ചും ക്യാമ്പിൽ അരോപണം ഉയർന്നു. ഷാഫി പറമ്പിലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സാധാരണ യൂത്ത് കോൺഗ്രസ് ക്യാമ്പുകളിലെ സംഘടനാചർച്ച മാത്രമേ ഇവിടെയും നടന്നിട്ടുള്ളൂവെന്ന് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..