മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ്; കഴിഞ്ഞ വർഷം ലഭിച്ചത് 3297 ടൺ


മത്തി | ഫോട്ടോ:മാതൃഭൂമി

കൊച്ചി: കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠനം. കഴിഞ്ഞ വർഷം കേവലം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 75 ശതമാനമാണ് കുറവ്. മത്തിയുടെ ലഭ്യതയിൽ 1994-നു ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്.

സി.എം.എഫ്.ആർ.ഐ.യിൽ നടന്ന ശില്പശാലയിലാണ് കണക്കുകൾ അവതരിപ്പിച്ചത്. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 2021-ൽ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീൻപിടിത്തം കുറഞ്ഞ 2020-ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു.2014-ൽ ലാൻഡിങ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നു. 2021-ൽ 30 കോടിയായി കുറഞ്ഞുവെന്ന് സി.എം.എഫ്.ആർ.ഐ.യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ. അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു. മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ നഷ്ടം. ഇക്കാലത്ത് ഇവരുടെ വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽനിന്ന്‌ 90,262 രൂപയായി കുറഞ്ഞു. കടലിൽ പോകുന്ന പ്രവൃത്തി ദിവസങ്ങൾ 237-ൽനിന്ന്‌ 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.

ലെസർ സാർഡിൻ ഒന്നാമൻ

കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്നു വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്-65,326 ടൺ. അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യത കൂടി.

Content Highlights: Sharp decline of oil sardine in Kerala, says CMFRI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..