താൻ വിഭാഗീയപ്രവർത്തനം നടത്തുന്നില്ല -ശശി തരൂർ


ആരെയും ഭയമില്ലെന്നും ആരോടും പരാതിയില്ലെന്നും തരൂർ തലശ്ശേരി ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു

ശശി തരൂർ:ANI

കണ്ണൂർ: താൻ പാർട്ടിയിൽ വിഭാഗീയപ്രവർത്തനം നടത്തുന്നില്ലെന്ന് ഡോ. ശശി തരൂർ എം.പി. വിഭാഗീയത അനുവദിക്കില്ലെന്ന് പറയുന്നവർ താൻ ചെയ്ത വിഭാഗീയപ്രവർത്തനമെന്താണെന്ന് പറയണം. കോൺഗ്രസിനെതിരായി എന്തെങ്കിലും പറഞ്ഞോയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം ചോദിച്ചു. തലശ്ശേരി അതിരൂപത ആസ്ഥാനത്ത് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ ബലൂൺ ഊതിവീർപ്പിക്കാൻ വന്നതല്ലല്ലോയെന്നു ചിരിച്ചുകൊണ്ട് ചോദിച്ചാണ് അദ്ദേഹം സംസാരിച്ചുതുടങ്ങിയത്. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ വേദനയുണ്ടാക്കി. എനിക്ക് ആരോടും എതിർപ്പില്ല. ആരെയും ഭയമില്ല. ആരോടും പരാതിയുമില്ല. പ്രതിപക്ഷനേതാവുമായി ചർച്ചനടത്താൻ തയ്യാറാണ്. ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും തരൂർ പറഞ്ഞു.ശശി തരൂരിന്റെ കോഴിക്കോട്ടെ പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിൽ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയെന്ന് തരൂരിന് ഒപ്പമുണ്ടായിരുന്ന എം.കെ. രാഘവൻ എം.പി. പറഞ്ഞു.

ബലൂണുകളെയും അതു കുത്തുന്ന സൂചിയെയും പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ. കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത് -പ്രതിപക്ഷനേതാവിന് മറുപടിയായി എം.കെ. രാഘവൻ പറഞ്ഞു.

തരൂർ നേതൃത്വത്തിലേക്ക് വരുന്നത് ഗുണംചെയ്യും -മാർ ജോസഫ് പാംപ്ലാനി

ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിലേക്ക് വരുന്നത് ഗുണംചെയ്യുമെന്ന് വിശ്വസിക്കുന്നതായി തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. രാഷ്ട്രീയം ചർച്ചയായില്ല. തരൂർ നേതൃത്വത്തിലേക്ക് വരണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടി അംഗങ്ങളാണ്. ഞാൻ കോൺഗ്രസ് അംഗമല്ല. കോൺഗ്രസിനകത്തെ പുതിയ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് ശശി തരൂർ വ്യക്തമാക്കിയപ്പോൾ അത് കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. സഭനേരിടുന്ന പ്രശ്നങ്ങൾ ചർച്ചയായില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..