സന്ദർശനം അറിയിച്ചിരുന്നെന്ന് തരൂർ; കള്ളമെന്ന് പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ്


1 min read
Read later
Print
Share

നേതാവിനൊപ്പം... കേരള പര്യടനത്തിനിടയിൽ അടൂരിൽ ബോധിഗ്രാം സംഘടിപ്പിച്ച പന്ത്രണ്ടാമത് വാർഷിക പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് ശശി തരൂർ പ്രവർത്തകർക്കിടയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

പത്തനംതിട്ട: തന്റെ സന്ദർശനം എല്ലാ ഡി.സി.സി.കളെയും അറിയിച്ചിരുന്നെന്ന ശശി തരൂരിന്റെ വാദം തെളിയിക്കാൻ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റിന്റെ വെല്ലുവിളി. ഞായറാഴ്ച അടൂരിൽനടന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ പ്രതികരണം.

കേരളത്തിൽ എല്ലായിടത്തും പരിപാടികൾ സംഘടിപ്പിക്കാൻ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വിവരങ്ങൾ എല്ലാ ഡി.സി.സി. അധ്യക്ഷന്മാരെയും അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു അടൂരിൽ ബോധിഗ്രാമിന്റെ പരിപാടിക്കുശേഷം തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അറിയിച്ചതിന്റെ സമയവും തീയതിയും തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെക്കുറിച്ച് തിരക്കിയപ്പോഴായിരുന്നു സതീഷ് കൊച്ചുപറമ്പിലിന്റെ പ്രതികരണം. ‘തന്നെ വിവരമറിയിച്ചെന്ന് തെളിയിക്കാനാവുമെങ്കിൽ തരൂർ അതുചെയ്യട്ടെ. ഫോണിൽ വിളിച്ചെങ്കിൽ അത് തെളിയിക്കാൻ പ്രയാസമില്ല. കത്തായിട്ടും അറിയിച്ചിരുന്നില്ല’. നേരിട്ടുപറയുകയോ ഔദ്യോഗികമായി അറിയിക്കുകയോ ചെയ്യാതെ കള്ളംപറയുന്നത് ശരിയല്ലെന്നും സതീഷ് പറഞ്ഞു.

തനിക്കെതിരേ കോട്ടയം ഡി.സി.സി. പ്രസിഡന്റ് കെ.പി.സി.സി.ക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കിൽ മറുപടിനൽകുമെന്ന് ശശി തരൂർ പത്തനംതിട്ടയിൽ പറഞ്ഞു.

അടൂരിലെ പരിപാടി ഉദ്ഘാടനംചെയ്തത് ആന്റോ ആന്റണി എം.പി.യാണ്. ബോധിഗ്രാമിന്റെ മുൻവർഷങ്ങളിലെ എല്ലാപരിപാടികളിലും താൻ പങ്കെടുത്തിരുന്നു. ഇതും അതുപോലെയേ ഉള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എന്നാൽ, ജില്ലാതല കോൺഗ്രസ് നേതാക്കളിൽ നല്ലൊരുപങ്കും ഇതിൽനിന്ന് വിട്ടുനിന്നിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. ശബരീനാഥൻ, ഡി.സി.സി. മുൻപ്രസിഡന്റ് പി. മോഹൻരാജ്, സംസ്ഥാന ദളിത് കോൺഗ്രസ് മുൻപ്രസിഡന്റ് കെ.കെ. ഷാജു, കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ഡി.കെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും തിരുവാഭരണ മാളികയിലും ദർശനം നടത്തിയാണ് തരൂർ അടൂരിലെത്തിയത്. പന്തളം കൊട്ടാരം ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി.

Content Highlights: shashi tharoor kottayam visit controversy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..