സിൽവർലൈനിൽ പിന്മാറ്റമില്ല; നടപടികള്‍ സജീവം


റെയിൽവേ ബോർഡിന് മറുപടികൾ നൽകിക്കഴിഞ്ഞെന്ന് കെ-റെയിൽ

പ്രതീകാത്മക ചിത്രം | ഫോട്ടോ: www.facebook.com/OfficialKRail

കോട്ടയം: സിൽവർലൈനിൽ പിന്മാറ്റമോ എന്ന ചർച്ച നടക്കുന്നതിനിടെ റെയിൽവേ ബോർഡിന് കെ-റെയിൽ വിശദീകരണറിപ്പോർട്ടുകൾ നൽകിയതിന്റെ വിവരങ്ങൾ പുറത്ത്. വിശദപദ്ധതിരേഖ സംബന്ധിച്ച് തങ്ങളുന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് റെയിൽവേ ബോർഡ് പറയുന്നതിനിടെയാണ് കെ-റെയിൽ വിശദീകരണം നൽകിയതായി വിവരാവകാശരേഖ ലഭിച്ചത്.

സിൽവർലൈനിന്റെ സാമ്പത്തിക, സാങ്കേതിക സാധ്യതകൾ സംബന്ധിച്ച വിശദാംശങ്ങളാണ് മൂന്ന് റിപ്പോർട്ടായി നൽകിയത്. ബോർഡിന്റെ നിർദേശപ്രകാരം റെയിൽവേഭൂമി പങ്കിടേണ്ടിവരുന്നതിന്റെ വിശദാംശങ്ങൾ ഡിവിഷണൽ റെയിൽവേ ഒാഫീസിനും നൽകി. കെ-റെയിലും ദക്ഷിണറെയിൽവേയും സംയുക്തമായി സർവേ നടത്തിയാണ് റിപ്പോർട്ട് നൽകിയത്.നേരത്തേ, റൈറ്റ്സ് തയ്യാറാക്കിയ ചെലവ് ഒാഡിറ്റും ബോർഡിന് നൽകിയിരുന്നു. നിതി ആയോഗ് 1.26 ലക്ഷം കോടി രൂപയെങ്കിലും ചെലവുവരുമെന്ന് പറഞ്ഞിരുന്നു. വിശദപദ്ധതിരേഖയിൽ പരാമർശിക്കുന്ന 64,000 കോടിമാത്രമേ വേണ്ടിവരൂ എന്നാണ് കെ-റെയിൽ നിലപാടെങ്കിലും, റൈറ്റ്സ് ഒാഡിറ്റിൽ കൃത്യമായി ചെലവ് എത്രയെന്ന് വിശദമാക്കുന്നില്ല. ജലപ്രവാഹസാധ്യതാപഠനവും പരിസ്ഥിതി ആഘാതപഠനവും നടന്നുവരുന്നുണ്ടെന്നും കോർപ്പറേഷൻ പറയുന്നു.

വിവിധ ജില്ലകളിൽ ഇട്ട കല്ലുകളുടെ കണക്കും ഇതിലുണ്ട്. തിരുവനന്തപുരം (803), കൊല്ലം (721), പത്തനംതിട്ട (0), ആലപ്പുഴ (208), കോട്ടയം (439), എറണാകുളം (947), തൃശ്ശൂർ (68), മലപ്പുറം (311), കോഴിക്കോട് (322), കണ്ണൂർ (1267), കാസർകോട്‌ (1651) എന്നിങ്ങനെയാണിത്. ഇവയിൽ വലിയൊരുഭാഗം ജനങ്ങൾ നീക്കംചെയ്തതായി കെ-റെയിൽ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..