അഭയ കേസ്: കോടാലി അടക്കം കണ്ടെത്താനായില്ല, തെളിവുകള്‍ പര്യാപ്തമല്ലെന്ന നിഗമനത്തില്‍ ഹൈക്കോടതി


വി.എസ് സിജു

'അടുക്കളയും വർക്ക് ഏരിയയും അലങ്കോലപ്പെട്ടുകിടന്നതും അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടുവെന്നതും ആരെയും കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്നില്ല. സിസ്റ്റർ സെഫിയെ താഴത്തെനിലയിൽ കണ്ടുവെന്നതും കുറ്റംചുമത്താൻ പര്യാപ്തമല്ല'

സിസ്റ്റർ സെഫി, ഫാ. തോമസ് കോട്ടൂർ

കൊച്ചി: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളെ ശിക്ഷിക്കാൻ വിചാരണക്കോടതി പരിഗണിച്ച ഒൻപത് ഘടകങ്ങളും ഹൈക്കോടതി വിശദമായി പരിശോധിച്ചു. കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്താൻ തെളിവുകൾ പര്യാപ്തമല്ലെന്നാണ് ഹൈക്കോടതി വിലയിരുത്തൽ.

Read more - അഭയ കേസ്: ശിക്ഷ മരവിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം

വിചാരണക്കോടതി കണക്കിലെടുത്തത്

* 1992 മാർച്ച് 27-ന് കോൺവെന്റിലെ അടുക്കളയും വർക്ക് ഏരിയയും അലങ്കോലപ്പെട്ടുകിടന്നത്.

* കോൺവെന്റിന്റെ താഴത്തെനിലയിൽ സിസ്റ്റർ സെഫിയെ കണ്ടത്.

* ഫാ. തോമസ് കോട്ടൂരിനെ കണ്ടതായുള്ള അടയ്ക്കാ രാജുവിന്റെ മൊഴി.

* സിസ്റ്റർ സെഫിയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് ഫാ. തോമസ് ആറാംസാക്ഷി കളർകോട് വേണുഗോപാലിനോടു പറഞ്ഞത്.

* സിസ്റ്റർ സെഫി തന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് ഡോക്ടർമാരോടു നൽകിയ മൊഴി, കന്യാചർമം വെച്ചുപിടിപ്പിക്കാൻ നടത്തിയ ശസ്ത്രക്രിയ.

* സംശയസാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം പ്രതികൾക്ക് നൽകാനാകാത്തത്.

* അഭയയുടെ മരണത്തെ സംബന്ധിച്ച് പ്രതികൾ നൽകിയ വിചിത്ര വിശദീകരണങ്ങളും തെളിവ് നശിപ്പിച്ചതും.

ഹൈക്കോടതിയുടെ നിഗമനങ്ങൾ

അടുക്കളയും വർക്ക് ഏരിയയും അലങ്കോലപ്പെട്ടുകിടന്നതും അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടുവെന്നതും ആരെയും കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്നില്ല. സിസ്റ്റർ സെഫിയെ താഴത്തെനിലയിൽ കണ്ടുവെന്നതും കുറ്റംചുമത്താൻ പര്യാപ്തമല്ല.

ഫാ. തോമസിനെ സംഭവദിവസം രാത്രി കോൺവെന്റിൽ കണ്ടുവെന്നായിരുന്നു മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴി. മോഷ്ടിച്ച വാട്ടർ മീറ്റർ പിറ്റേന്ന് വിൽക്കാൻ പോകുമ്പോഴും കണ്ടുവെന്നും പറഞ്ഞിരുന്നു. എന്നാൽ, വാട്ടർ മീറ്റർ കണ്ടെടുക്കാനായില്ല. രണ്ടിനും 2.30-നും ഇടയ്ക്കാണ് സ്ഥലത്തെത്തിയതെന്നാണ് രാജു കോടതിയിൽ പറഞ്ഞത്.

പോലീസിനോടു പറഞ്ഞത് 3.30-നും നാലിനും ഇടയിലെന്നാണ്. ക്രോസ് വിസ്താരത്തിൽ രാവിലെ അഞ്ചുവരെ സ്ഥലത്ത് തുടർന്നുവെന്നും മൊഴിനൽകി. അത് ശരിയാണെങ്കിൽ അഭയയെ കൊലപ്പെടുത്തുന്നതും കാണേണ്ടതായിരുന്നു.

സാമൂഹികപ്രവർത്തകനായ കളർകോട് വേണുഗോപാൽ ഫാ. തോമസ് നാർക്കോ പരിശോധനയ്ക്കു വിധേയമായതറിഞ്ഞ് കാണാനെത്തിയെന്നാണ് പറയുന്നത്. അപ്പോഴാണ് സിസ്റ്റർ സെഫിയുമായുള്ള ബന്ധം ഫാ. തോമസ് വെളിപ്പെടുത്തിയതെന്നും പറയുന്നു. കൊലപാതകക്കേസിൽ ഈ മൊഴി കണക്കിലെടുക്കുന്നത് വിചിത്രമാണ്. ഫാ. തോമസിനെ വിചാരണ ചെയ്തത് അവിഹിതബന്ധമുണ്ടെന്ന കേസിലല്ല.

സിസ്റ്റർ സെഫിയുടെ കന്യാചർമം ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചെന്ന കാര്യത്തിൽ ഭിന്നനിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്. കന്യാചർമത്തിന് മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്ന അഭിപ്രായവും കൃത്യമല്ല.

അഭയ മുങ്ങിമരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആയുധം ഉപയോഗിച്ച് നടത്തിയ ആക്രമണവും മരണകാരണമായി പറയുന്നുണ്ട്. കൈക്കോടാലി ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പോലീസ് ഡോക്ടറോടു പറഞ്ഞത്. എന്നാൽ, ഇത് കണ്ടെത്താനായില്ല.

ജാമ്യവ്യവസ്ഥകൾ ഇങ്ങനെ

* അഞ്ചുലക്ഷംരൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വേണം.

* ശിക്ഷ ശരിവെക്കുകയോ മാറ്റംവരുത്തുകയോ ചെയ്താൽ ജാമ്യ കാലാവധി അതിൽ കണക്കാക്കേണ്ടതില്ല.

* ഒരു കുറ്റകൃത്യത്തിലും ഏർപ്പെടരുത്, ഹൈക്കോടതി അനുമതിയില്ലാതെ കേരളംവിട്ടുപോകരുത്.

* ജാമ്യത്തിലിറങ്ങി ആദ്യ ആറുമാസം എല്ലാ ശനിയാഴ്ചയും 11-ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അതിനുശേഷം എല്ലാ രണ്ടാംശനിയാഴ്ചയും ഹാജരാകണം.

സി.ബി.ഐ. നിലപാട് പ്രതികള്‍ക്ക് അനുകൂലം -ജോമോന്‍

കൊച്ചി: സി.ബി.ഐ. ഹൈക്കോടതിയില്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചതിനാലാണ് ജാമ്യം കിട്ടിയതെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അപ്പീല്‍ ഫയല്‍ചെയ്ത് ഒന്നരവര്‍ഷത്തോളമായിട്ടും എതിര്‍വാദം ഫയല്‍ചെയ്യാന്‍ സി.ബി.ഐ. തയ്യാറായില്ല. കേസിനെക്കുറിച്ച് അറിയാത്ത പ്രോസിക്യൂട്ടറെ തെലങ്കാനയില്‍നിന്ന് കൊണ്ടുവന്നു. കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു -ജോമോന്‍ പറഞ്ഞു.

ആരോപണം കഴമ്പില്ലാത്തതാണെന്ന് അസി. സോളിസിറ്റര്‍ ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സി.ബി.­­ഐ. കേസുകളില്‍ അസി. സോളിസിറ്റര്‍ ജനറലാണ് സാധാരണ ഹാജരാകുന്നത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീ. സോളിസിറ്റര്‍ ജനറലിനെ ഹാജരാക്കണമെന്ന് സി.ബി.ഐ. സ്‌പെഷ്യല്‍ ക്രൈം ബ്യൂറോ തലവന് മാര്‍ച്ച് 16-ന് കത്തുനല്‍കി. തുടര്‍ന്ന് സൗത്ത് സോണിന്റെ കേസുകള്‍ക്ക് നിയോഗിച്ചിട്ടുള്ള അഡീ. സോളിസിറ്റര്‍ ജനറല്‍ സൂര്യകരണ്‍ റെഡ്ഢിയെ ഹാജരാകാന്‍ ചുമതലപ്പെടുത്തി.

Content Highlights: Sister Abhaya Murder Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..