ജോമോൻ പുത്തൻപുരയ്ക്കൽ | Screengrab: Mathrubhumi News
കൊച്ചി: സി.ബി.ഐ. ഹൈക്കോടതിയിൽ പ്രതികൾക്കനുകൂലമായ നിലപാട് സ്വീകരിച്ചതിനാലാണ് ജാമ്യം കിട്ടിയതെന്ന് പൊതുപ്രവർത്തകനും അഭയ കേസ് ആക്ഷൻ കൗൺസിൽ ഭാരവാഹിയുമായ ജോമോൻ പുത്തൻപുരയ്ക്കൽ.
അപ്പീൽ ഫയൽചെയ്ത് ഒന്നരവർഷത്തോളമായിട്ടും എതിർവാദം ഫയൽചെയ്യാൻ സി.ബി.ഐ. തയ്യാറായില്ല. കേസിനെക്കുറിച്ച് അറിയാത്ത പ്രോസിക്യൂട്ടറെ തെലങ്കാനയിൽനിന്ന് കൊണ്ടുവന്നു. കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. സി.ബി.ഐ. സുപ്രീംകോടതിയിൽ അപ്പീൽ പോകണമെന്ന ആവശ്യമുന്നയിച്ച് സി.ബി.ഐ. ഡയറക്ടർക്കും പ്രധാനമന്ത്രിക്കും പരാതിനൽകുമെന്നും ജോമോൻ പറഞ്ഞു.
ജോമോന്റെ ആരോപണം കഴമ്പില്ലാത്തതാണെന്ന് അസി. സോളിസിറ്റർ ജനറലിന്റെ ഒാഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സി.ബി.ഐ. കേസുകളിൽ അസി. സോളിസിറ്റർ ജനറലാണ് സാധാരണ ഹാജരാകുന്നത്. അഭയ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീ. സോളിസിറ്റർ ജനറലിനെ ഹാജരാക്കണമെന്ന് സി.ബി.ഐ. സ്പെഷ്യൽ ക്രൈം ബ്യൂറോ തലവന്‍ മാർച്ച് 16-ന് കത്തുനൽകി.
തുടർന്ന് സി.ബി.ഐ.യുടെ സൗത്ത് സോണിന്റെ കേസുകൾക്ക് നിയോഗിച്ചിട്ടുള്ള അഡീ. സോളിസിറ്റർ ജനറൽ സൂര്യകരൺ റെഡ്ഢിയെ ഹാജരാകാൻ ചുമതലപ്പെടുത്തി. കേസിന്റെ മലയാളത്തിലുള്ള രേഖകളെല്ലാം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി അദ്ദേഹത്തിനു നൽകി. അന്വേഷണോദ്യോഗസ്ഥർ അദ്ദേഹവുമായി ചർച്ചകളും നടത്തി. തുടർന്ന് സി.ബി.ഐ.യുടെ നിലപാട് അദ്ദേഹം ഫലപ്രദമായി കോടതിയെ ധരിപ്പിച്ചെന്നും വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..