ആറുവരി ദേശീയപാത; സര്‍വീസ് റോഡില്‍ ബസ്‌ ബേ ഉണ്ടാകില്ല, പകരം ഷെല്‍ട്ടര്‍


2 min read
Read later
Print
Share

• മുഴപ്പിലങ്ങാട് ബൈപാസ്

കണ്ണൂര്‍: ആറുവരി ദേശീയപാതയുടെ (എന്‍.എച്ച്.-66) സര്‍വീസ് റോഡില്‍ ബസ്‌ബേ ഉണ്ടാകില്ല. ബസുകള്‍ നിർത്താന്‍ ഷെല്‍ട്ടര്‍ നിര്‍മിക്കും. എന്നാല്‍ നിലവിലെ നിര്‍മിതിപ്രകാരം ഷെല്‍ട്ടറിനും സ്ഥലപരിമിതിയുണ്ട്. സര്‍വീസ് റോഡില്‍ ബസുകളുടെ നില്‍പ്പ് ശരിയല്ലെങ്കില്‍ പിന്നാലെ വാഹനങ്ങളുടെ നീണ്ട നിരയും അതുവഴി ഗതാഗതക്കുരുക്കുമുണ്ടാവും.

ഒരു ബസിന് ബസ്‌ബേയില്‍ നില്‍ക്കാന്‍ ചുരുങ്ങിയത് 3.5 മീറ്റര്‍ സ്ഥലം വേണം. ഷെല്‍ട്ടറും ബേയും അടക്കം ആറുമീറ്റര്‍ കിട്ടണം. ദേശീയപാത-66 ല്‍ ഏറ്റെടുത്തത് 45 മീറ്ററാണ്. അതില്‍ 27 മീറ്റര്‍ ആറുവരിപ്പാത വരും. ഈ പ്രധാന പാതയില്‍ ദീര്‍ഘദൂര ബസുകള്‍ ഓടുമെങ്കിലും ബസ് ബേയും ബസ് ഷെല്‍ട്ടറും ഇല്ല. 6.25 മീറ്റര്‍ വീതം വരുന്ന രണ്ട് സര്‍വീസ് റോഡിലൂടെയാണ് ഹ്രസ്വദൂര ബസുകള്‍ ഉള്‍പ്പെടെ യാത്ര. ബസുകള്‍ നില്‍ക്കേണ്ടതും യാത്രക്കാര്‍ കയറുന്നതും ഇവിടെയാണ്. 3.5 മീറ്റര്‍ വേണ്ടുന്ന ബസ് ബേ ഒഴിവാക്കിയാല്‍ തന്നെ ബസ് ഷെല്‍ട്ടറിന് രണ്ട്-രണ്ടര മീറ്ററെങ്കിലും കണ്ടെത്തണം.

നടപ്പാതയിലേക്ക് ഷെല്‍ട്ടര്‍ നീക്കി സ്ഥാപിച്ചാല്‍ യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതെ കയറിനില്‍ക്കാം. എന്നാല്‍ റോഡില്‍ ബസ് നിര്‍ത്തുമ്പോഴുള്ള പ്രശ്‌നം രൂക്ഷമാകും. ഗതാഗതക്കുരുക്ക് പിന്നാലെ വരും.

ഓരോ ജങ്‌ഷനിലുമുള്ള പ്രത്യേകം വഴികളിലൂടെയണ് സര്‍വീസ് റോഡിലേക്ക് വാഹനങ്ങള്‍ കയറേണ്ടത്. ദീർഘദൂര ബസ് അടക്കമുള്ളവയ്ക്ക് സര്‍വീസ് റോഡില്‍നിന്ന് മുഖ്യപാതയിലേക്ക് കയറാം ഇറങ്ങാം.

ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടത്

27 മീറ്ററിലുള്ള ആറുവരിപ്പാതയ്ക്ക് പുറത്തുള്ള ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതാണ്. സര്‍വീസ് റോഡ്, നടപ്പാത, ക്രാഷ് ഗാര്‍ഡ് ഉള്‍പ്പെടെ നീട്ടിയും കുറച്ചും വേണം ഓരോന്നും നിര്‍മിക്കാന്‍. ദേശീയപാതയുടെ ചില റീച്ചുകളില്‍ നടപ്പാതയ്ക്ക് (യൂട്ടിലിറ്റി കോറിഡോര്‍) സ്ഥലം കുറവാണ്. സര്‍വീസ് റോഡിന്റെ അരമീറ്റര്‍ എടുത്ത് പരിഹരിക്കാനാണ് ശ്രമം. ബസ് ഷെല്‍ട്ടറിന് ചുരുങ്ങിയത് രണ്ടുമീറ്റര്‍ മുന്‍ഭാഗം വേണം. രണ്ടരമീറ്റര്‍ നീളവും. അതത് സ്ഥലത്തിനനുസരിച്ച് ഷെല്‍ട്ടര്‍ ഒരുക്കും. അത് നടപ്പാതയിലേക്ക് നീളുമെന്ന് ഉറപ്പ്. ഉള്ള സ്ഥലത്ത് ഒരുക്കാന്‍ ക്രാഷ് ഗാര്‍ഡിന് നീക്കിവെച്ച അരമീറ്ററും ഉപയോഗപ്പെടുത്തേണ്ടിവരും.

ദേശീയപാത:

* ഏറ്റെടുത്തത് 45 മീറ്റര്‍.

* 27 മീറ്റര്‍ ആറുവരിപ്പാത.

* ഇരുവശവും 6.25 മീറ്റര്‍ വീതം രണ്ട് സര്‍വീസ് റോഡ്-ആകെ 12.50 മീറ്റര്‍.

* രണ്ടു മീറ്ററില്‍ നടപ്പാത

* ക്രാഷ് ഗാര്‍ഡ്

Content Highlights: Six lane national highway There will be no bus bay on the service road instead a shelter

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..