കാവ്യയും മാതാപിതാക്കളും| File Photo: Mathrubhumi
കൊച്ചി: നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നൽകിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടിൽ െവച്ചായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്.
ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
കാവ്യാ മാധവന് കേസിൽ പങ്കുള്ളതായി ടി.എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.
Content Highlights: statement of kavya madhavan's parents recorded


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..