സംസ്ഥാനവ്യാപകമായി മയക്കുമരുന്ന് പരിശോധന; ഒട്ടേറെപ്പേർ കസ്റ്റഡിയിൽ


1 min read
Read later
Print
Share

-

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിൽ എക്സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുവിൽപ്പനസംഘത്തിലെ ഒട്ടേറെപ്പേർ പിടിയിലായി. ആഡംബരഹോട്ടലുകളിലും റിസോർട്ടുകളിലും ലഹരിപ്പാർട്ടിക്ക് മയക്കുമരുന്നെത്തിക്കുന്ന മോഡലിങ് ആർട്ടിസ്റ്റും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. ചേർത്തല ആർത്തുങ്കൽ സ്വദേശിയായ ഇവരിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.90 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

കൊച്ചിയിലെ ലഹരിപ്പാർട്ടിക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇവരെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി. ടെനി മോന്റെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘമാണ് ഇവരെ പിടികൂടിയത്.

ഉപഭോക്താക്കൾക്കിടയിൽ ‘സ്നോബോൾ’ എന്ന പേരിലാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്. രാത്രിയിൽമാത്രം മയക്കുമരുന്നുമായി പുറത്തിറങ്ങിയിരുന്ന ഇവർ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ഒരുസ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചാണ് മയക്കുമരുന്ന് കൈമാറ്റംചെയ്തത്.

അടുത്തിടെ ഇവരുടെ ഇടനിലക്കാരനായ ഒരു യുവാവിനെ എക്സൈസ് പിടികൂടിയതോടെയാണ് മോഡലിങ് ആർട്ടിസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായത്. വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം ഇടനിലക്കാരനെ കാത്തുനിൽക്കവെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ഉടനെ അതുവഴിവന്ന വാഹനം കൈകാണിച്ചുനിർത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിടികൂടി.

കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് ലഹരിപദാർഥങ്ങൾ കൈമാറിയിരുന്ന ഇവർ കൊച്ചി കേന്ദ്രീകരിച്ചുള്ള നെറ്റുവർക്കിന്റെ പ്രധാന കണ്ണിയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ കർണാടകസ്വദേശിയായ അശുതോഷ് ഗൗഡയെ എൽ.എസ്.ടി. സ്റ്റാമ്പുമായി പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സുൽത്താൻബത്തേരിയിൽ 54.528 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശിയെ വയനാട് എക്സൈസ് ടീമിലെ സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനും പാർട്ടിയും പിടികൂടി. ബെംഗളൂരുവിൽനിന്ന്‌ കോഴിക്കോട് ടൗണിൽ വിൽപ്പനയ്ക്കായി മോട്ടോർസൈക്കിളിൽ കടത്തുന്നതിനിടെയാണ് പിടികൂടിയത്.

Content Highlights: statewide drug check Many people are in custody

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..