കലോത്സവം കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനി മിനിലോറി കയറി മരിച്ചു; സഹപാഠിക്ക് പരിക്ക്


അമേയ

അങ്കമാലി: സംസ്‌കൃത സർവകലാശാലാ യൂണിയൻ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിനിടയിലേയ്ക്ക് മിനിലോറി പാഞ്ഞുകയറി വിദ്യാർഥിനി മരിച്ചു. മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു. കോഴിക്കോട് വടകര കസ്റ്റംസ് റോഡിൽ താഴേ പാണ്ടിപറമ്പത്ത് വീട്ടിൽ കെ. പ്രകാശന്റെയും വി.എം. ബിന്ദുവിന്റെയും മകൾ ടി.പി. അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂർ ജാനകി നിലയത്തിൽ ശ്രീഹരി (20) ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 12.05-ന് ദേശീയപാതയിൽ അങ്കമാലി ടൗണിലായിരുന്നു അപകടം. സംസ്‌കൃത സർവകലാശാല പയ്യന്നൂർ സെന്ററിലെ എട്ട് വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ കലോത്സവത്തിൽ പങ്കെടുത്ത ശേഷം കാലടിയിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസിൽ അങ്കമാലി സ്റ്റാൻഡിൽ വന്നിറങ്ങി. തുടർന്ന് തീവണ്ടി മാർഗം നാട്ടിൽ പോകാനായി അങ്കമാലി റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് നടന്നു. അങ്കമാലി ടൗണിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിനി ലോറി പാഞ്ഞുകയറിയത്. സീബ്ര ലൈനിലൂടെയാണ് ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചത്. മിനി ലോറി ശരീരത്തിലൂടെ കയറിയ അമയ തൽക്ഷണം മരിച്ചു. ശ്രീഹരിയെയും ഇടിച്ചിട്ട ലോറി നിർത്താതെ പോയി.

മിനി ലോറിക്ക് പിന്നാലെയെത്തിയ കാറും അമയയുടെ ശരീരത്തിലൂടെ കയറിപ്പോയതായി പിന്നീട് കണ്ടെത്തി. ഇതും നിർത്താതെ പോയി. സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ‌കാലിന്റെ എല്ലുപൊട്ടിയ ശ്രീഹരിയെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സിച്ച ശേഷം ശനിയാഴ്ച വീട്ടിലേയ്ക്ക് കൊണ്ടുപോയി.

പയ്യന്നൂർ സെന്ററിലെ രണ്ടാംവർഷ സംസ്‌കൃതം വേദാന്ത ബിരുദ വിദ്യാർഥിനിയായ അമയ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും സജീവ പ്രവർത്തകയാണ്. പയ്യന്നൂർ സെന്ററിനെ പ്രതിനിധാനം ചെയ്ത് കലോത്സവത്തിൽ പങ്കെടുത്ത അമയ ഉൾപ്പെട്ട ടീമിന് ഒപ്പനയിൽ ഒന്നാം സ്ഥാനമുണ്ട്. അമയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോയി. സഹോദരൻ: അതുൽ.

Content Highlights: Student dies in road accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..