ഒപ്പനയില്‍ ഒന്നാം സമ്മാനം, കൈപ്പറ്റും മുന്നെ അമയയുടെ മരണം കാണേണ്ടി വന്ന ഞെട്ടലില്‍ കൂട്ടുകാര്‍


2 min read
Read later
Print
Share

സംസ്‌കൃത സർവകലാശാല കലോത്സവത്തിൽ പങ്കെടുത്ത പയ്യന്നൂർ കേന്ദ്രത്തിലെ ഒപ്പനസംഘം. നിൽക്കുന്നവരിൽ വലതുവശത്തുനിന്ന് രണ്ടാമത് അമയ

പയ്യന്നൂർ: സംസ്‌കൃത സർവകലാശാലാ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയതിന്റെ സന്തോഷം മായും മുൻപാണ് അമയ യാത്രയായത്. കാലടിയിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിലാണ് അപകടത്തിൽ അമയ മരിച്ചത്. അമയകൂടി ഉൾപ്പെട്ട സംഘത്തിനായിരുന്നു ഒപ്പനയിൽ ഒന്നാംസ്ഥാനം.

കലോത്സവത്തിനായി ചൊവ്വാഴ്ചയാണ് പയ്യന്നൂരിൽനിന്നുള്ള സംഘം കാലടിയിലെത്തിയത്. ദൂരസ്ഥലങ്ങളിൽനിന്നുള്ളവർക്കായി അവിടെ താമസസൗകര്യവും ഒരുക്കിയിരുന്നു. കലോത്സവം വെള്ളിയാഴ്ചയാണ് സമാപിച്ചത്. ഉച്ചയോടെയായിരുന്നു ഒപ്പനമത്സരം. കലോത്സവശേഷം നാട്ടിലേക്ക്‌ തിരികെപോരുകയായിരുന്നു അമയയും കൂട്ടുകാരും.

കാലടിയിൽനിന്ന്‌ ബസിൽ അങ്കമാലി സ്റ്റാൻഡിൽ വന്നിറങ്ങി. തുടർന്ന് തീവണ്ടിമാർഗം നാട്ടിൽ വരാനായി അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക്‌ പോവുകയായിരുന്നു. അങ്കമാലി ടൗണിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിനി ലോറി പാഞ്ഞുകയറിയത്.

സർവകലാശാലാ കാമ്പസിൽ അമയ വളരെ ചുറുചുറുക്കോടെ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നതായി സഹപാഠികൾ പറയുന്നു. വൈകിയാണ് റഗുലർ ക്ലാസുകൾ തുടങ്ങിയതെങ്കിലും അധ്യാപകർക്കും ജീവനക്കാർക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടവളായിരുന്നു. രണ്ടാം വർഷ സംസ്‌കൃത വേദാന്ത വിദ്യാർഥിയായിരുന്ന അമയ രാഷ്ട്രീയത്തിലും കാമ്പസിലെ പ്രവർത്തനങ്ങളിലും പഠനത്തിലും മുന്നിട്ടുനിന്നിരുന്നു.

ഒന്നാംസമ്മാനം വാങ്ങാതെ മടക്കം

അങ്കമാലി: ഒപ്പനയില്‍ ഒന്നാംസ്ഥാനവും മാര്‍ഗംകളിയില്‍ രണ്ടാംസ്ഥാനവും നേടിയതിന്റെ ആഹ്ലാദത്തിന് അല്പായുസ്സേ ഉണ്ടായുള്ളൂ... ടീമംഗമായ അമയ കണ്‍മുന്നില്‍ മിനിലോറി കയറി മരിക്കുന്നത് കാണേണ്ടിവന്നതിന്റെ ഞെട്ടലിലാണ് കൂട്ടുകാര്‍.

ഒന്ന് സംസാരിക്കാന്‍പോലുമാകാതെ വിതുമ്പിക്കരയുകയാണ് അവര്‍. കാമ്പസിലെ നിറസാന്നിധ്യമായിരുന്ന അമയ ഇനിയില്ല എന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന കലോത്സവത്തില്‍ പയ്യന്നൂര്‍ സെന്ററിനെ പ്രതിനിധാനം ചെയ്താണ് അമയ ഉള്‍പ്പെട്ട ടീം ഒപ്പനയില്‍ പങ്കെടുത്തത്. ഒന്നാംസ്ഥാനം പ്രഖ്യാപിച്ചപ്പോള്‍ അവര്‍ തുള്ളിച്ചാടി.

അമയ പ്രകാശിന് പുറമേ, അഥീന മനോഹര്‍, അനുഷ ശിവദാസ്, ഖദീജത്ത് റിസ്വാന, എം.പി. അശ്വിനിരാജ്, ഷംന ഷെറിന്‍, ടി. അനശ്വര, കെ. നീതു എന്നിവരാണ് ഒപ്പനസംഘത്തിലുണ്ടായിരുന്നത്. സമ്മാനങ്ങള്‍ കിട്ടിയെങ്കിലും സമയം വൈകിയതിനാല്‍ സമ്മാനം വാങ്ങാതെയാണ് അമയയും സംഘവും മടങ്ങിയത്. തീവണ്ടി ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തിരുന്നു. ഇവര്‍ക്ക് കയറേണ്ടിയിരുന്ന തീവണ്ടി ശനിയാഴ്ച പുലര്‍ച്ചെ ഒന്നിന് അങ്കമാലിയില്‍ എത്തുമെന്നറിഞ്ഞ് അമയ ഉള്‍പ്പെടെയുള്ള സംഘം കാലടിയില്‍ നിന്നും വേഗം മടങ്ങുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകവേയാണ് ഇവര്‍ക്കിടയിലേക്ക് മിനി ലോറി പാഞ്ഞുകയറിയത്. കലോത്സവത്തില്‍ പയ്യന്നൂര്‍ സെന്ററിനാണ് രണ്ടാം സ്ഥാനം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..