43 ലക്ഷം കുട്ടികൾ സ്കൂളിലേക്ക്; ബസുകളും സ്‌കൂൾ വാഹനങ്ങളും കുറവ്, വിദ്യാർഥികൾക്ക് ദുരിതയാത്രയാകും


സ്വകാര്യബസുകളും സ്‌കൂൾ വാഹനങ്ങളും കുറവ്, ഓട്ടോ-ടാക്സി നിരക്കുവർധനയും ബാധിക്കും. .42,90,000 കുട്ടികളാകും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുക

പ്രതീകാത്മക ചിത്രം| മാതൃഭൂമി

തിരുവനന്തപുരം: പുതിയ അധ്യയനവർഷത്തിൽ പൊതു യാത്രാവാഹനങ്ങളുടെ കുറവ് വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാക്കും. യാത്രാനിരക്കിളവിൽ മാറ്റംവരുത്തിയില്ലെങ്കിലും ചെലവും ഉയരും. കോവിഡിനുമുമ്പ് 5500 ബസുകൾ ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി., 3500-ൽ താഴെയായി ചുരുക്കി. 15,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് ഏഴായിരത്തിൽ താഴെയായി. വിദ്യാർഥികൾക്ക് ആവശ്യമായ ബസുകൾ നിരത്തിലുണ്ടാകില്ലെന്ന് വ്യക്തം.

35,612 അംഗീകൃത സ്കൂൾവാഹനങ്ങളുണ്ടെങ്കിലും ലോക്ഡൗണിൽ ഒതുക്കിയിട്ടിരുന്ന ഇവയെല്ലാം അറ്റകുറ്റപ്പണിതീർത്ത് ഇറക്കിയിട്ടില്ല. ഒരു ബസ് അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് ഒന്നേകാൽലക്ഷം വേണ്ടിവരും. പലയിടത്തും സർക്കാർ സ്കൂൾ അധ്യാപക-രക്ഷാകർത്തൃസമിതിക്ക് ഇതിനുള്ള തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാമ്പത്തികബാധ്യത കാരണം സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളും ബസുകളെല്ലാം ഇറക്കിയിട്ടില്ല. രക്ഷകർത്താക്കൾ കൂട്ടുചേർന്ന് വാഹനങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഇന്ധന വിലവർധനയെത്തുടർന്ന് മിനി വാൻ, കാർ, ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഒരു വിദ്യാർഥിക്ക് മുൻവർഷത്തെ അപേക്ഷിച്ച് 200 മുതൽ 300 രൂപയുടെവരെ വർധനയ്ക്ക്‌ സാധ്യതയുണ്ട്.

സ്കൂൾവാഹനങ്ങളുടെ സുരക്ഷാമാനദണ്ഡങ്ങൾ ഇങ്ങനെ

 • മുന്നിലും പിറകിലും എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന ബോർഡ് നിർബന്ധം (കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളിൽ ഓൺസ്കൂൾ ഡ്യൂട്ടി ബോർഡ് വേണം)
 • സ്കൂൾമേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റു റോഡുകളിൽ 50 കിലോമീറ്ററും പരമാവധി വേഗം. സ്പീഡ് ഗവേണർ, ജി.പി.എസ്., അഗ്നിശമന ഉപകരണം എന്നിവ നിർബന്ധം.
 • ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഹെവി വാഹനങ്ങളിൽ അഞ്ചുവർഷം പരിചയം.
 • ഡ്രൈവർമാർക്ക് വെള്ളഷർട്ടും കറുപ്പ് പാന്റും യൂണിഫോം. തിരിച്ചറിയൽ കാർഡ് നിർബന്ധം.
 • പൊതുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാക്കി യൂണിഫോം വേണം.
 • ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിനോ അതിവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്.
 • വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം.
 • ഓരോ വാതിലുകൾക്കും ഡോർ അറ്റൻഡർമാർ വേണം. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടുപേർക്ക് യാത്രചെയ്യാം. നിന്ന് യാത്രചെയ്യരുത്.
 • യാത്രചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ വാഹനത്തിലുണ്ടാകണം.
 • ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം.
 • ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധം.
 • കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും ഡ്രൈവർക്ക് കാണാൻ പാകത്തിൽ ഗ്ലാസുകൾ സ്ഥാപിക്കണം.
 • വാഹനങ്ങളുടെ മേൽനോട്ടത്തിന് നോഡൽ ഓഫീസറായി അധ്യാപകരെ നിയോഗിക്കണം.
 • സ്കൂളിന്റെ പേരും ഫോൺനമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം.
 • വാഹനത്തിന്റെ പിറകിൽ ചൈൽഡ് ലൈൻ, പോലീസ്, ആംബുലൻസ്, ഫയർഫോഴ്‌സ് നമ്പറുകൾ രേഖപ്പെടുത്തണം.
43 ലക്ഷം കുട്ടികൾ സ്കൂളിലേക്ക്

തിരുവനന്തപുരം: കോവിഡ് ഘട്ടം പിന്നിട്ട് സംസ്ഥാനത്തെ സ്കൂളുകൾ ബുധനാഴ്ച മുതൽ സജീവമാകും.42,90,000 കുട്ടികളാകും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുക. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിനു രാവിലെ 9.30-ന് കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ 27-നകം പൂർത്തിയാക്കും. കുട്ടികൾക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായി വരുന്നു. ക്ലാസ് തുടങ്ങുംമുമ്പുതന്നെ യൂണിഫോം വിതരണം പൂർത്തിയാക്കും. മേയ് 26, 27, 28 തീയതികളിൽ കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്.

അക്ഷരമാല രണ്ടാംഭാഗത്തിൽ

ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ മലയാളം അക്ഷരമാല അച്ചടിക്കുമെന്ന് മന്ത്രി. പുസ്തകത്തിൽത്തന്നെയാകും അച്ചടിക്കുക. സ്കൂൾ തുറക്കുമ്പോൾ നൽകേണ്ട ഒന്നാംഭാഗത്തിന്റെ അച്ചടി പൂർത്തിയായതിനാലാണ് അടുത്തഭാഗത്തിൽ അച്ചടിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Content Highlights: students travel issue while opening school

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..