ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റൽ; സമാന ബില്ലുകൾ പഠിക്കാൻ നിർദേശം


ആരിഫ് മുഹമ്മദ് ഖാൻ | Photo : PTI

തിരുവനന്തപുരം: ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബിൽ തയ്യാറാക്കുന്നത് കുറ്റമറ്റ രീതിയിലാകും. സമാനരീതിയിലുള്ള ബില്ലുകൾ പാസാക്കിയ തമിഴ്‌നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ ബില്ലുകൾ പഠിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റായിയുടെ നേതൃത്വത്തിലുള്ള സമിതിയോട് മന്ത്രിസഭ നിർദേശിച്ചു. ചാൻസലർ പദവിയിൽ ഗവർണർ നിലവിലില്ലാത്ത ഗുജറാത്തിലെ നിയമവും പഠിക്കും.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാനുള്ള സുപ്രധാന നിയമനിർമാണമടക്കം ലക്ഷ്യമിട്ടാണ് ഡിസംബർ അഞ്ചുമുതൽ സഭാസമ്മേളനം ചേരാൻ തീരുമാനിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കി കഴിഞ്ഞാഴ്ച മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് ഗവർണർക്ക് അയച്ചെങ്കിലും പരിശോധിക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. ചാൻസലർ പദവിയിൽ അതത് മേഖലയിലെ വിദഗ്ധരെ ഓണററി പദവിയിൽ നിയോഗിക്കണമെന്നാണ് കരട് ഓർഡിനൻസിലെ ശുപാർശ.

14 സർവകലാശാലകളിൽ, സമാനസ്വഭാവമുള്ള ഒമ്പത്‌ ആർട്‌സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒറ്റ ചാൻസലറെന്നതാകും ബില്ലിലെ നിർദേശമെന്നാണ് കരുതുന്നത്. ആ ചാൻസലർക്ക് ഒരു സർവകലാശാലാ ആസ്ഥാനത്ത് പ്രവർത്തനസൗകര്യമൊരുക്കും. ചാൻസലർ പദവിയിലേക്ക് അതത് വകുപ്പുമന്ത്രിമാർ മതിയെന്ന നിർദേശവും ചർച്ചകളിലുണ്ട്.

സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകാത്ത ബില്ലിന് നിയമസഭയിൽ അവതരിപ്പിക്കും മുൻപ് ഗവർണറുടെ അനുമതിയുടെ ആവശ്യമല്ല. അതേസമയം, ബിൽ പാസാക്കിയാൽ നിയമമാകുന്നതിന് ഗവർണർ അംഗീകരിക്കേണ്ടതുമുണ്ട്. തന്നെ ബാധിക്കുന്ന വിഷയത്തിൽ താൻ തന്നെ തീരുമാനമെടുക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ ബിൽ രാഷ്ട്രപതിക്കയക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

Content Highlights: suggestion to study similar bills to remove governor from chancellor position

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..